vaccination

ന്യൂഡൽഹി:കൊവിഡ് പോരാട്ടത്തിൽ മുന്നണിപ്പോരാളികളുടെ ആത്മത്യാഗത്തെ വികാരഭരിതനായി അനുസ്‌മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി,​ രണ്ട് ഡോസ് വാക്സിനും നിർബന്ധമായും എടുക്കണമെന്നും കുത്തിവയ്‌പിന് ശേഷവും മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെ കർശനമായ ജാഗ്രത പാലിക്കണമെന്നും ജനങ്ങളെ ആഹ്വാനം ചെയ്‌തു.

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ യജ്ഞം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യമെമ്പാടുമുള്ള 3,006 കേന്ദ്രങ്ങളെ ഓൺലൈനിൽ ബന്ധിപ്പിച്ചായിരുന്നു ഉദ്ഘാടനം.

ഇന്ത്യൻ വാക്‌സിനുകൾ സുരക്ഷിതമാണ്. കിംവദന്തികൾക്ക് ചെവികൊടുക്കരുത്. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാ‌ഴ്‌ചയ്‌ക്ക് ശേഷമേ ശരീരം കൊവിഡിനെതിരെ പ്രതിരോധം കൈവരിക്കൂ. വാക്സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്. മരുന്നിനൊപ്പം ജാഗ്രതയും. അതാണ് നമ്മുടെ മുദ്രാവാക്യം - പ്രധാനമന്ത്രി പറഞ്ഞു.

മുന്നണിപ്പോരാളികളുടെ ജീവൻ പണയം വച്ച പോരാട്ടമാണ് നമ്മെ ഇവിടെ എത്തിച്ചത്. ലോക ചരിത്രത്തിൽ ഇത്രയും ബൃഹത്തായ വാക്‌സിനേഷൻ യജ്ഞം നടന്നിട്ടില്ല. മൂന്നു കോടിയിൽ താഴെ ജനസംഖ്യയുള്ള നൂറിലേറെ രാജ്യങ്ങളുണ്ട്. ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ മാത്രം മൂന്നുകോടി പേ‌ർക്കാണ് കുത്തിവയ്‌പ്. രണ്ടാംഘട്ടത്തിൽ 30 കോടി പേർക്കും. മുപ്പതു കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള മൂന്ന് രാജ്യങ്ങളേ ലോകത്തുള്ളൂ. ഇന്ത്യയും ചൈനയും അമേരിക്കയും.

ഇന്ത്യയുടെ വാക്സിൻ ഗവേഷണവും ശാസ്ത്രജ്ഞരും, മെഡിക്കൽ സംവിധാനങ്ങളും ആഗോള വിശ്വാസ്യത ആർജ്ജിച്ചവയാണ്. വാക്സിൻ വികസിപ്പിക്കാൻ വർഷങ്ങളെടുക്കാറുണ്ട്. ചെറിയ കാലയളവിൽ രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ തയാറാക്കിയ ഇന്ത്യയിൽ ലോകത്തിന് പ്രതീക്ഷയുണ്ട്. ലോകത്തെ 60ശതമാനം കുട്ടികൾക്കും ഇന്ത്യയിൽ നിർമ്മിച്ച വാക്സിനാവും നൽകുക. വിദേശത്ത് ഡോസിന് 5000 രൂപ വരെ വിലയുള്ള വാക്സിന് ഇന്ത്യയിൽ തുച്ഛമായ വിലയേ ഉള്ളൂ. മാനുഷിക പരിഗണനയിലാണ് നമ്മുടെ വാക്‌സിനേഷൻ യജ്ഞം. അപകടസാദ്ധ്യത കൂടിയവർക്കാണ് മുൻഗണന.

പ്രതിസന്ധിയിലും 150ലേറെ രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നും മെഡിക്കൽ സഹായങ്ങളും നൽകി. മറ്റു രാജ്യങ്ങളിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനും സാദ്ധ്യമായതെല്ലാം ചെയ്‌തു. ചില രാജ്യങ്ങൾക്ക് സ്വന്തം പൗരന്മാരെ ചൈനയിൽ വിടേണ്ടിവന്നു. ഇന്ത്യ വന്ദേഭാരത് മിഷനിലൂടെ സ്വന്തം പൗരന്മാരെയും മറ്റു രാജ്യക്കാരെയും മടക്കിയെത്തിച്ചു.

ചില‌ർ മടങ്ങിയെത്തിയില്ല

ഡോക്ടർമാർ, നഴ്സ്‌മാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ, ആശാവർക്കർമാർ, പൊലീസ് തുടങ്ങിയ മുൻനിര പ്രവർത്തകരെ അഭിനന്ദിച്ചപ്പോഴാണ് പ്രധാനമന്ത്രി വികാരാധീനനായത്. വീടണയാനാവാതെ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് അദ്ദേഹം കണ്ണീരോടെ പറഞ്ഞു. ആളുകൾക്ക് കുടുംബം വിട്ട് കഴിയേണ്ടിവന്നു. കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാനാവാതെ അമ്മമാർ കണ്ണീരണിഞ്ഞു. മക്കൾക്ക് വൃദ്ധരായ അച്ഛൻമാരെ ആശുപത്രിയിൽ തനിച്ചാക്കേണ്ടിവന്നു. നൂറുകണക്കിന് പേർ മടങ്ങിയെത്തിയില്ല. മരിച്ചവർക്ക് അന്ത്യകർമ്മങ്ങൾ നടത്താനായില്ല. നിരാശയുടെയും, ഭയത്തിന്റെയും അന്തരീക്ഷത്തിൽ മുൻനിര പോരാളികൾ പ്രത്യാശ കൊണ്ടുവന്നു. ആദ്യം കുത്തിവയ്പ്പ് നൽകി രാജ്യം അവരെ നന്ദിയോടെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.