ന്യൂഡൽഹി: ഡൽഹി സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച എൽ.എൻ.ജെ.പിയിലെ നഴ്സിംഗ് ഓഫീസർ ബിജി ടോമി ഇടുക്കി എരട്ടയാർ സ്വദേശിയാണ്. മലയാളി നഴ്സായ ഷിബിയാണ് വാക്സിൻ കുത്തിവച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കുത്തിവയ്പ്.
പാർശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് ബിജി ടോമി കേരളകൗമുദിയോട് പറഞ്ഞു. ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായതിൽ
അഭിമാനമുണ്ട്. ദിവസവും നിരവധി മരണങ്ങൾ കണ്ട് വേദനിച്ചിരുന്നു. കൊവിഡ് വാക്സിൻ എത്തിയതിൽ ആശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
16 വർഷമായി എൽ.എൻ.ജെ.പിയിൽ നഴ്സാണ് ബിജി. ഡൽഹി ഗാസിയാബാദിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്നു.
ബിജിയെകൂടാതെ എൽ.എൻ.ജെ.പിയിലും ഡൽഹി എയിംസ് ഉൾപ്പെടെയുള്ള മറ്റ് ആശുപത്രികളിലുമായി നിരവധി മലയാളി ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ഡൽഹിയിൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 81 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ആരംഭിച്ചത്.