ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി ഭീതി പടരുന്നതിനിടെ, കോഴി വില്പന നിരോധിച്ചതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്ന് വാങ്ങുന്ന കോഴിയിറച്ചിയും മുട്ടയും വില്ക്കാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല, നന്നായി വേവിച്ച കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കാമെന്നും ആളുകൾ അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും കേന്ദ്രം ആവർത്തിച്ചു. എഴുപത് ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും വേവിച്ച് മുട്ടയും കോഴിയിറച്ചിയും ഉപയോഗിക്കാം. മാംസത്തിൽ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ കൂടി അവ നന്നായി വേവിക്കുന്നതിലൂടെ നശിക്കുന്നു.
ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ കോഴി, മുട്ട വിപണികളെ നിരോധനം വീണ്ടും ദുരിതത്തിലാക്കുന്നതായി മൃഗക്ഷേമ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ സ്ഥിതി നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര സംഘത്തിന്റെ പഠനം തുടരുകയാണ്. കേരളം അടക്കം രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.