ട്രാക്ടർ റാലിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ
ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, 19ന് നടക്കുന്ന യോഗത്തിൽ നിയമത്തിലെ ഓരോ വ്യവസ്ഥയും ചർച്ച ചെയ്യാമെന്ന് പറഞ്ഞു.
ഭൂരിഭാഗം കർഷകരും വിദഗ്ദ്ധരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സുപ്രീം കോടതി സ്റ്റേ ചെയ്‌തിനാൽ നിയമങ്ങൾ നടപ്പാക്കാനാവില്ല. 19ലെ ചർച്ചയ്‌ക്ക് ശേഷം, നിയമങ്ങൾ പിൻവലിക്കുന്നതൊഴികെ കർഷകരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും തോമർ പറഞ്ഞു.
മണ്ഡികളിലെ വ്യാപാരം, വ്യാപാരികളുടെ രജിസ്‌ട്രേഷൻ തുടങ്ങിയ ആശങ്കകൾ പരിഹരിക്കാമെന്ന നിർദ്ദേശം കർഷക സംഘടനകൾക്ക് അയച്ചിട്ടുണ്ട്. വൈക്കോൽ കത്തിക്കുന്നതിലും വൈദ്യുതി പ്രശ്നത്തിലും ചർച്ചയാകാം. ഇതു സംബന്ധിച്ച നിയമങ്ങൾ ചർച്ചചെയ്യാമെന്നും കർഷകരെ അറിയിച്ചിരുന്നു. എന്നാൽ, നിയമങ്ങൾ പിൻവലിക്കണമെന്ന ഒറ്റ ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണെന്ന് തോമർ കുറ്റപ്പെടുത്തി.
അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ആയിരം ട്രാക്ടറുകൾ പങ്കെടുക്കുന്ന റാലിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകരും വ്യക്തമാക്കി.ട്രാക്ടറുകളിൽ ദേശീയ പതാകയോ കർഷക സംഘടനകളുടെ പതാകകളോ മാത്രമേ സ്ഥാപിക്കുകയുള്ളു. രാഷ്ട്രീയ പാർട്ടികളുടെ കൊടികളുണ്ടാവില്ല. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാക്കില്ല. ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ല. ഡൽഹിയെ ചുറ്റിക്കിടക്കുന്ന ഔട്ടർ റിംഗ് റോഡിൽ സമാധാനപരമായി നടത്തുന്ന റാലിയോട് ഡൽഹി, ഹരിയാന പൊലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്നലെ സിംഗു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കർഷക സംഘടനകൾ അറിയിച്ചു.
വിദഗ്ദ്ധ സമിതിക്കെതിരെ ഹർജി
കർഷക സമരം പരിഹരിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധസമിതിയിൽ രാഷ്ട്രീയ പാർട്ടികളുമായി ആഭിമുഖ്യമില്ലാത്ത നിഷ്പക്ഷരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ (ലോക് ശക്തി ) സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
എന്നാൽ ഈ അപേക്ഷ സംയുക്ത കർഷക സംഘടനകളുടെ തീരുമാനപ്രകാരമല്ലെന്ന് ആൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു. കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാക്ടർ റാലി : ഹർജി ഇന്ന്
റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലി തടയാൻ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ട്രാക്ടർ റാലി റിപ്പബ്ലിക് ദിന പരേഡിന് തടസമാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം.