ന്യൂഡൽഹി: ഡൽഹിയിൽ ആദ്യദിനം കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഇതിൽ അല്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായ എയിംസിലെ സുരക്ഷാ ജീവനക്കാരനായ 22കാരനെ ഡൽഹി എയിംസിൽ തന്നെ പ്രവേശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ വാക്‌സിൻ സ്വീകരിച്ച് പ്രതികൂല പാർശ്വഫലമുണ്ടായ ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. മറ്റ് 50 പേർക്ക് അല്പ നേരത്തെ നിരീക്ഷണം മാത്രമേ ആവശ്യമായുള്ളുവെന്നും സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം 81 കേന്ദ്രങ്ങളിലായി 4,319 ആരോഗ്യപ്രവർത്തകർക്കാണ് ആദ്യദിനം വാക്‌സിൻ കുത്തിവയ്പെപ്പെടുത്തത്. 8,117 പേർക്ക് കുത്തിവയ്പെടുക്കാനായിരുന്നു ഡൽഹി ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
കൊൽക്കത്തയിലെ ഡോ. ബി.സി റോയ് ആശുപത്രിയിൽ നഴ്‌സായ 35കാരിയ്ക്കും വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ബോധക്ഷയമുണ്ടായിരുന്നു. അലർജി മൂലം സംഭവിച്ചതാകാമെന്നും ഭയപ്പെടാനില്ലെന്നും മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. നഴ്‌സിന് പുറമെ 13 പേർക്ക് കൊൽക്കത്തിൽ വാക്‌സിൻ സ്വീകരിച്ച് അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല.
മഹാരാഷ്ട്രയിൽ കുത്തിവയ്പ് ചൊവ്വാഴ്ച മുതൽ
കൊവിൻ ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിറുത്തി വച്ച കൊവിഡ് കുത്തിവയ്പ്പ് ചൊവ്വാഴ്ച പുനഃരാരംഭിക്കും. അതേസമയം മഹാരാഷ്ട്രയിൽ മാത്രമല്ല, രാജ്യത്ത് പലയിടങ്ങളിലും ഈ ആപ്ലിക്കേഷനിലൂടെ വാക്‌സിൻ കുത്തിവയ്പ് നടപ്പിലാക്കുന്നതിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.