farmers

ന്യൂഡൽഹി: കർഷക സമരം പരിഹരിക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗങ്ങളുടെ ആദ്യ യോഗം നാളെ ഡൽഹിയിലെ ഐ.സി.എ.ആർ സ്ഥിതി ചെയ്യുന്ന പുസ ക്യാമ്പസിൽ ചേരും. കർഷക പ്രതിനിധികളുമായുള്ള ചർച്ചകൾ 21 മുതൽ ആരംഭിക്കുമെന്ന് സമിതി അംഗം അനിൽ ഗൻവാദ് പറഞ്ഞു. ഇരു വിഭാഗങ്ങളുമായി വെവ്വേറെ സംസാരിച്ച് കർഷകരുടേയും കേന്ദ്രത്തിന്റെയും ആശങ്കകൾ കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുമായും കേന്ദ്രവുമായും ചർച്ച നടത്താൻ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിലവിൽ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി, അനിൽ ഗൻവാദ് എന്നിവരാണുള്ളത്. ഭുപീന്ദർ സിംഗ് മാൻ സമിതിയിൽ നിന്ന് പിൻമാറിയിരുന്നു. പത്ത് ദിവസത്തിനുള്ളിൽ ആദ്യ സിറ്റിംഗ് ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദേശം.