ന്യൂഡൽഹി : വാട്‌സാപ്പ് ഒരു സ്വകാര്യ ആപ്ലിക്കേഷനാണെന്നും സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ അത് ഉപയോഗിക്കാതെ മറ്റൊരു ആപ്ലിക്കേഷനിലേക്ക് മാറുവെന്നും ഡൽഹി ഹൈക്കോടതി. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് അഭിഭാഷക ചൈതന്യ റോഹില സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവിന്റെ നിരീക്ഷണം.
വാട്‌സ് ആപ്പ് ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് ഹർജിക്കാരി വാദിച്ചു. 'എല്ലാ ആപ്ലിക്കേഷനുകളും ഇത് ചെയ്യുന്നുണ്ടെന്ന് ജഡ്ജി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനായി നിയമമുള്ളതിനാൽ വാട്‌സാപ്പിന്റെ പുതിയ നയം അവിടെ നടപ്പിലാകുന്നില്ലെന്നും ഇന്ത്യയിലും അത് വേണമെന്നും ഹർജിക്കാരി വാദിച്ചു. തുടർന്ന്, വാട്സാപ്പ് ഉപേക്ഷിച്ച് മറ്റ് ആപ്ലിക്കഷേനിലേക്ക് മാറാൻ കോടതി പറഞ്ഞു.
കേസ് കൂടുതൽ വാദത്തിനായി 25 ലേക്ക് മാറ്റി.