v-muraleedaran

ന്യൂഡൽഹി: കുത്തഴിഞ്ഞ രീതിയിലാണ് കേരളത്തിലെ ഭരണ സംവിധാനമെന്നും അതിനു തെളിവാണ് ചട്ടങ്ങൾ പാലിക്കാതെ, ഭരണഘടനാ വിരുദ്ധമായി കിഫ്ബി വഴി വിദേശവായ്പ എടുത്തതെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

ഇന്നലെ നിയമ സഭയിൽ വച്ച സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശക്ക് വായ്പ കിട്ടുമെന്നിരിക്കെ, ഉയർന്ന പലിശയ്ക്ക് വിദേശത്ത് നിന്ന് കടമെടുത്തതിന് ധനമന്ത്രി തോമസ് ഐസക് വിശദീകരണം നൽകണം. ലാവ് ലിൻ ഇടപാടിൽ അടക്കം കമ്മിഷൻ പറ്റിയ പാരമ്പര്യം സി.പി.എമ്മിനുണ്ട്. സമാനമായി കമ്മിഷൻ പറ്റാനുള്ള ശ്രമമാണോ കിഫ്ബിയുടെ വിദേശ വായ്പയെന്ന് സംശയിക്കുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനെയാണ് കേരളം മറികടന്നത് . പാർലമെന്റ് പാസാക്കിയ എഫ്.ആർ.ബി.എം നിയമത്തിന്റെ ലംഘനവും നടന്നിരിക്കുന്നു. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന രീതിയിലാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രവർത്തനം. സി.എ.ജിയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റും കിഫ്ബി കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളും പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.