ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഡൽഹി പൊലീസിനോട് പറഞ്ഞു.
റാലിയിൽ ആരെയൊക്കെ പങ്കെടുപ്പിക്കാം, പങ്കെടുപ്പിക്കാതിരിക്കാം, എത്ര പേർ പങ്കെടുക്കാം തുടങ്ങിയ വിഷയങ്ങൾ പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഇതിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതി ഒരു ഉത്തരവിട്ടാൽ പൊലീസിന് പ്രവർത്തിക്കാൻ അത് കൂടുതൽ കരുത്തേകുമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടെങ്കിലും ക്രമസമാധാന പ്രശ്നത്തിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. ഹർജി നാളെ പരിഗണിക്കുന്നതിലേക്കായി മാറ്റി.
നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 26ന് ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ ആഹ്വാനം ചെയ്തിരുന്നു. ഇത് തടയണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. റിപബ്ലിക് ദിനാഘോഷങ്ങളെ തടസപ്പെടുത്തുന്ന റാലിയോ പ്രതിഷേധങ്ങളോ രാജ്യത്തെ നാണംകെടുത്തുമെന്ന് ഡൽഹി പൊലീസ് മുഖേന സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. റിപബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് ട്രാക്ടർ മാർച്ച്, ട്രോളി മാർച്ച്, വാഹന ജാഥ, മറ്റു രീതിയിലുള്ള പ്രതിഷേധങ്ങൾ അതിനാൽ നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം, 1000 ട്രാക്ടറുകളുടെ റാലി നടത്തുമെന്നും രാജ്പഥിലെ റിപബ്ലിക് ദിന പരേഡ് തടസപ്പെടുത്തില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഔട്ടർ ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിക്കും. 50 കിലോമീറ്ററാകും പരേഡ്. ഡൽഹി -ഹരിയാന പൊലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കർഷക നേതാക്കൾ പറഞ്ഞു.