ന്യൂഡൽഹി :രാജ്യത്ത് നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ബ്രിട്ടനിൽ നിന്ന് തിരികെ എത്തിക്കുന്നതിന് നിയമതടസങ്ങൾ ഏറെയാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ പ്രത്യേക ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച നിർദേശത്തിലാണ് നടപടികളിൽ പുരോഗതിയില്ലെന്നും തടസങ്ങളെറെയാണെന്നും വിശദീകരിച്ചിരിക്കുന്നത്. ഉടൻ തന്നെ വേണ്ട നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ബ്രിട്ടീഷ് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് മാർച്ച് 15ന് വീണ്ടും പരിഗണിക്കും. അതേസമയം, മല്യമായി ബന്ധപ്പെട്ട കോടതി അലക്ഷ്യകേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും.