car

ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാൻ പരമ്പരാഗത വോട്ടുബാങ്ക് വീണ്ടെടുക്കുകയെന്ന ലക്ഷ്യവുമായി ഉമ്മൻചാണ്ടിയെ മുന്നിൽ നിറുത്തി കോൺഗ്രസ് സന്നാഹം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടിയില്ലെങ്കിലും, പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനും തന്ത്രങ്ങൾ മെനയാനുമുള്ള ചുമതല ഉമ്മൻചാണ്ടിക്കു നൽകാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡുമായി ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയായി. ഇതിനായി ഉമ്മൻചാണ്ടി അദ്ധ്യക്ഷനായി പത്തംഗ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതി രൂപീകരിക്കും.എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ,കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ, വി.എം സുധീരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ തുടങ്ങിയവരാണ് സമിതിയിലുണ്ടാവുകയെന്നാണ് റിപ്പോർട്ട്. അന്തിമ തീരുമാനം എ.ഐ.സി.സി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെയും ഉടൻ പ്രഖ്യാപിക്കും.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുകയും, പാർട്ടി വേദികളിൽ നിന്ന് പിൻവാങ്ങി നിൽക്കുകയും ചെയ്തിരുന്ന ഉമ്മൻചാണ്ടിയുടെ തിരിച്ചുവരവിൽ കോൺഗ്രസിലും പ്രവർത്തകരിലും അഭ്യൂഹങ്ങൾ ശക്തമാണ്. സംസ്ഥാന കോൺഗ്രസിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണെന്നതും ഘടകകക്ഷികളുടെ സമ്മർദ്ദവുമാണ് ഉമ്മൻചാണ്ടിക്ക് അനുകൂലമായത്. ക്രൈസ്തവ വിഭാഗങ്ങൾ അടക്കം, പരമ്പരാഗതമായി പാർട്ടിക്കൊപ്പം നിന്നിരുന്നവർ ഇടക്കാലത്ത് അകന്നുപോയ പ്രശ്നം പരിഹരിക്കാൻ ഉമ്മൻചാണ്ടി മുന്നിലുണ്ടാകേണ്ടത് അനിവാര്യതയാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. എ.കെ ആന്റണിയുടെ നിലപാടും നിർണയകമായി.അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയർമാൻ സ്ഥാനത്ത് ഉമ്മൻചാണ്ടി വരുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കു ശേഷം മാദ്ധ്യമങ്ങളെ കണ്ട മുതിർന്ന നേതാവ് എ.കെ ആന്റണി വിസമ്മതിച്ചു. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ടാകുമോയെന്ന ചോദ്യത്തിന്, 'ജയിച്ചാൽ മുഖ്യമന്ത്രിയുണ്ടാകും, മന്ത്രിസഭയുണ്ടാകു'മെന്നായിരുന്നു ആന്റണിയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചർച്ചയില്ല. ജയിക്കലാണ് പ്രധാനം. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല എന്നീ മൂന്നു പേരും മത്സരിക്കുമോ എന്നതിലും പ്രതികരണത്തിന് ആന്റണി തയ്യാറായില്ല. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമൊപ്പം എ.കെ ആന്റണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവരും സോണിയഗാന്ധിയും രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകളിൽ പങ്കെടുത്തു.

ഹൈക്കമാൻഡിന്റെ കമാൻഡ്

 ഗ്രൂപ്പ് കളി മാറ്റിവച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണം

 മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നതല്ല, പാർട്ടി വിജയിക്കുകയാണ് പ്രധാനം.

 സ്ഥാനാർത്ഥി പട്ടികയിൽ ഭൂരിഭാഗവും പുതുമുഖങ്ങളായിരിക്കണം.

 യുവാക്കൾക്കും വനിതകൾക്കും പ്രാമുഖ്യം നൽകണം.

 എല്ലാ സമുദായങ്ങളെയും ഒപ്പം നിറുത്തണം.

 ജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള പ്രകടന പത്രിക തയ്യാറാക്കണം

 പരമ്പരാഗത ശൈലി വെടിഞ്ഞുള്ള പ്രചാരണം വേണം