ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുള്ള പത്താംവട്ട ചർച്ച നാളെ നടക്കും. ഖലിസ്താൻ ബന്ധം ആരോപിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ കർഷക നേതാക്കൾക്കടക്കം എൻ.ഐ.എ നോട്ടീസയച്ച വിഷയം ചർച്ചയിൽ ശക്തമായി ഉന്നയിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ചർച്ച നല്ല അന്തരീക്ഷത്തിൽ നടക്കണമെങ്കിൽ കർഷകനേതാക്കൾക്ക് നോട്ടീസ് പിൻവലിക്കണമെന്ന് കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഇന്നലെ മഹിളാ കർഷക ദിനം ആചരിച്ചു. രാജ്യത്തെ മുന്നൂറിലേറെ ജില്ലകളിൽ ദിനാചരണം നടന്നു.
മൂന്നാം മാസത്തിലേക്ക് അടുക്കുന്ന കർഷകപ്രക്ഷോഭത്തിനിടെ 131 പേർ മരിച്ചതായി സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ഔട്ടർ റിംഗ് റോഡ് കേന്ദ്രീകരിച്ചുള്ള കിസാൻ പരേഡിൽ രാജ്യത്തെ കാർഷികസംസ്‌കാരം ദൃശ്യവത്കരിക്കുന്ന നിശ്ചലദൃശ്യങ്ങളുണ്ടാകും. ദേശീയ പതാക സ്ഥാപിച്ചാണ് ട്രാക്ടർ റാലി. നാളെ ഗുരു ഗോബിന്ദ് സിംഗ് സ്മരണയുടെ ഭാഗമായി കർഷകർ പ്രതിജ്ഞയെടുക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള ആദിവാസി കർഷകർ ഡൽഹി-ജയ്പുർ ദേശീയപാതയിലെ ഷാജഹാൻപുരിലെ സമരകേന്ദ്രത്തിലെത്തി. ഒഡിഷയിൽ നിന്ന് പുറപ്പെട്ട കർഷകർ ഉടൻ ഡൽഹിയിലെത്തും.