ന്യൂഡൽഹി : അയോദ്ധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ നിർമ്മാണം റിപബ്ലിക് ദിനത്തിൽ വൃക്ഷത്തെകൾ നട്ടും ദേശീയ പാതാക ഉയർത്തിയും ആരംഭിക്കും. രാമക്ഷേത്രം നിർമിക്കുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെ ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലാണ് ഇന്തോ- ഇസ്ലാമിക് കൾച്ചറൽ ഫണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ നിർമാണം ആരംഭിക്കുന്നത്. ജനുവരി 26ന് രാവിലെ 8.30നാണ് ചടങ്ങ് ആരംഭിക്കുക.
ഇതിന്റെ ഭാഗമായി ഫൗണ്ടേഷനിലെ ഒമ്പത് ട്രസ്റ്റിമാർ ഞായറാഴ്ച യോഗം ചേർന്നു. വിദേശ സംഭാവന സ്വീകരിക്കുന്നതിൽ ആദായനികുതി വകുപ്പിന്റെ ക്ലിയറൻസ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കൽ, 26ലെ കാര്യപരിപാടികൾ എന്നിവ യോഗം ചർച്ചചെയ്തു.
പ്രദേശത്തെ നാട്ടുകാരെ സേവിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്. ആമസോൺ മഴക്കാടുകൾ, ആസ്‌ട്രേലിയ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ചെടികളും എന്നിവ ഇവിടെ നട്ടുപിടിപ്പിക്കും. പള്ളിയോടനുബന്ധിച്ച് നിർമിക്കുന്ന ആശുപത്രി, മ്യൂസിയം, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചൺ, ഇന്തോഇസ്ലാമിക് കൾച്ചറൽ റിസർച്ച് സെന്റർ, പബ്ലിക്കേഷൻ ഹൗസ് എന്നിവയുടെ പ്ലാൻ അംഗീകരിക്കാൻ അപേക്ഷ നൽകാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള മണ്ണ് പണിശോധന ആരംഭിച്ചിട്ടുണ്ട്.
1700 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് മസ്ജിദ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ മസ്ജിദ് മാത്രമാണ് നിർമിക്കുന്നത്.