supreme-court

ന്യൂഡൽഹി : ഒരു വിഷയത്തെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ഒരാളെ ആ വിഷയവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.

കർഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയിലെ അംഗങ്ങളെക്കുറിച്ച് ആക്ഷേപം

ഉയരുന്നതിനിടെയാണ് മറ്റൊരു കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം പറഞ്ഞത്.

തർക്കപരിഹാരത്തിനായി രൂപീകരിക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ ജഡ്ജിമാരല്ല. ഇരു വിഭാഗങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച് പ്രശ്നം പരിഹരിക്കാൻ മദ്ധ്യസ്ഥത വഹിക്കുക മാത്രമാണ് കമ്മിറ്റി അംഗങ്ങളുടെ ജോലിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രിമിനൽ കേസുകളിലെ വാദത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ കോടതിയെടുത്ത കേസ് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

കർഷകസമരം പരിഹരിക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതിയിൽ നിഷ്പക്ഷ നിലപാടുള്ളവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.

ഭുപീന്ദർ സിംഗ് മൻ, അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി, അനിൽ ഗൻവാദ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇതിൽ ഭൂപീന്ദർ സിംഗ് പിന്മാറി. മറ്റു മൂന്ന് പേർ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നാണ് ഹർജിയിൽ പറയുന്നത്.