ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകുന്ന കരാറിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി എയർപോർട്ട്സ് ലിമിറ്റഡും ഒപ്പുവച്ചു. ആറുമാസത്തിനകം നടപടികൾ പൂർത്തിയാക്കണം. ജൂലായ് മാസത്തോടെ വിമാനത്താവളം അദാനി ഏറ്റെടുക്കും.
വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതിയിലിരിക്കെയാണ് കൈമാറ്റവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയത്. കോടതി വിധിക്കനുസരിച്ച് കരാറിൽ ഭേദഗതി കൊണ്ടുവരും.
കരാറനുസരിച്ച് അദാനി ഗ്രൂപ്പ് ആഭ്യന്തര യാത്രക്കാർക്ക് 168 രൂപ വീതവും അന്താരാഷ്ട്ര യാത്രക്കാർക്ക് 336 രൂപ വീതവും എയർപോർട്ട് അതോറിറ്റിക്ക് പാസഞ്ചർ ഫീസ് നൽകണം.
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടർ എൻ.വി സുബ്ബരായുഡുവും അദാനി എയർപോർട്ട് ലിമിറ്റഡ് സി.ഇ.ഒ ബെഹ്‌നദ് സന്തിയുമാണ് കരാറിൽ ഒപ്പിട്ടത്. ഇന്നലെ ഡൽഹിയിലെ എയർപോർട്ട് അതോറിറ്റി ആസ്ഥാനത്ത് ചെയർമാൻ അരവിന്ദ് സിംഗ്, ബോർഡ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം.
തിരുവനന്തപുരത്തിനൊപ്പം ഗോഹട്ടി, ജയ്‌പൂർ വിമാനത്താവളങ്ങളും അദാനിക്ക് കൈമാറി. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞ സെപ്തംബറിൽ ഒപ്പിട്ടിരുന്നു.
മംഗലാപുരം, ലക്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങൾ കഴിഞ്ഞവർഷം അദാനിക്ക് കൈമാറിയിരുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുടെ ( ആറെണ്ണം ) നടത്തിപ്പ് അദാനി ഗ്രൂപ്പിനായി.
സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നൽകിയ ഹർജി 2019 ഡിസംബർ 18ന് കേരള ഹൈക്കോടതി തള്ളി. തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ഗോഹട്ടി വിമാനത്താവള കൈമാറ്റത്തിനെതിരെയും കോടതിയിൽ കേസുണ്ട്.
വാരണാസി, അമൃത്‌സർ,ഭുവനേശ്വർ,റായ്‌പൂർ, ഇൻഡോർ, തിരുച്ചി വിമാനത്താവളങ്ങളും സ്വകാര്യവൽകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.