jee

ന്യൂഡൽഹി : ജെ.ഇ.ഇ., നീറ്റ് ( 2021) എന്നിവയുടെ സിലബസുകളിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ബോർഡ് പരീക്ഷ സിലബസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ ജെ.ഇ.ഇ., നീറ്റ് പരീക്ഷയ്ക്ക് അധിക ഇൻ്റേണൽ ഓപ്ഷൻ ലഭ്യമാക്കുമെന്നും അദ്ദേഹം കുട്ടികളുമായി സംവദിച്ച വെബിനാറിൽ വ്യക്തമാക്കി.

ജെ‌.ഇ.ഇ. (മെയിൻ 2021) സിലബസ് കഴിഞ്ഞ വർഷത്തെപ്പോലെ തുടരും. ആകെ 90 ചോദ്യങ്ങളിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 30 ചോദ്യങ്ങൾ വീതം) 75 ചോദ്യങ്ങൾക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 25 ചോദ്യങ്ങൾ വീതം) ഉത്തരം നൽകാൻ വിദ്യാർത്ഥികൾക്ക് ചോയ്‌സ്‌ നൽകും. നീറ്റ് (യു.ജി.) 2021ന്റെ കൃത്യമായ ഘടന പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രാജ്യമെമ്പാടുമുള്ള ചില ബോർഡുകൾ സിലബസ് കുറയ്ക്കുന്നതിനാൽ നീറ്റ് (യു.ജി.) 2021 പരീക്ഷയ്ക്കും ജെ.ഇ.ഇ. (മെയിൻ) മാതൃകയിലുള്ളതുപോലെ ഓപ്ഷൻ ഉണ്ടായിരിക്കും.

ജെ.ഇ.ഇയ്ക്ക് മിനിമം

മാർക്ക് നിബന്ധനയില്ല

ജെ.ഇ.ഇ മെയിൻ (2021 -22) പരീക്ഷക്ക് യോഗ്യതയായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 75 ശതമാനം മാർക്ക്‌ നിബന്ധന വിദ്യാഭ്യാസ മന്ത്രാലയം നീക്കി. ജെ.ഇ.ഇ ( അഡ്വാൻസ്ഡ് ) പരീക്ഷയിലും, കഴിഞ്ഞ അക്കാഡമിക് വർഷത്തിലെടുത്ത തീരുമാനപ്രകാരമാണ് നടപടി. ജെ.ഇ.ഇ മെയിൻ അടിസ്ഥാനമാക്കി 2021 -22 അക്കാഡമിക് വർഷത്തിൽ എൻ ഐ ടി, ഐ ഐ ടി,എസ്.പി.എ, മറ്റു സി.എഫ്.ടി.ഐകൾ എന്നിവയിലേയ്ക്കുള്ള പ്രവേശന നടപടികൾക്ക് ഇത് ബാധകമായിരിക്കും.