ന്യൂഡൽഹി: കത്തോലിക്കാ സഭാ മേലദ്ധ്യക്ഷൻമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ എന്നിവരാണ് ഇന്നലെ രാവിലെ 11ഓടെ കൂടിക്കാഴ്ച നടത്തിയത്.
വളര സൗഹാർദപരമായിരുന്നു ചർച്ചയെന്നും ഉന്നയിച്ച വിഷയങ്ങൾ പ്രധാനമന്ത്രി തുറന്ന മനസോടെ അനുഭാവപൂർവം കേട്ടെന്നും സഭാ നേതൃത്വം പറഞ്ഞു. ന്യൂനപക്ഷ ഫണ്ട് വിതരണം, ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ മോചനം, മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കൽ, കസ്തൂരിരംഗൻ,ഗാഡ്ഗിൽ റിപ്പോർട്ട്, പുതിയ വിദ്യാഭ്യാസനയവും ന്യൂനപക്ഷങ്ങളുടെ അവകാശവും തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്. ഡിസംബറിൽ ഓർത്തഡോക്സ്, യാക്കാബോയ സഭാ നേതൃത്വങ്ങളും പ്രധാനമന്ത്രിയെ കണ്ടിരുന്നു.അതുപക്ഷേ, ഇരുവിഭാഗവും തമ്മിൽ നിലനിൽക്കുന്ന പള്ളിത്തർക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.