supreme-court

ന്യൂഡൽഹി: ക്രിമിനൽ കേസുകളുടെ വാദങ്ങൾക്ക് പ്രത്യേക നിയമമുണ്ടാക്കുന്നത് സംബന്ധിച്ച് രാജ്യത്തെ ഹൈക്കോടതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്ട്രാർ ജനറലുകൾ മുഖാന്തരം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി. ക്രിമിനൽ കേസുകളുടെ വാദങ്ങളെക്കുറിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ 2017 മാർച്ചിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു. അമിക്കസ്‌ക്യൂറി റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസുകളുടെ വാദങ്ങൾക്ക് പ്രത്യേക നിയമമുണ്ടാക്കാൻ നിർദേശം സമർപ്പിക്കാൻ നാലാഴ്ച ഹൈക്കോടതികൾക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ ആന്ധ്രാ,​ തെലുങ്കാന,​ ഡൽഹി,​ അലഹബാദ്,​ കർണാടക എന്നീ സംസ്ഥാനങ്ങൾ മാത്രമേ നിർദേശം സമ‌ർപ്പിച്ചിട്ടുള്ളൂ. ഇതിനെത്തുടർന്നാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.