ന്യൂഡൽഹി: ഉപയോക്താവിന്റെ ഡേറ്റ പങ്കുവയ്ക്കാനുള്ള പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ വാട്സ് ആപ്പിന് കത്ത് നൽകി. ഇന്ത്യയിലെ ഉപയോക്താക്കളെ സാരമായി ബാധിക്കുന്ന തരത്തിൽ സ്വകാര്യതാനയത്തിൽ കൊണ്ടുവന്ന മാറ്റം അംഗീകരിക്കാനാവില്ലെന്ന് വാട്സ് ആപ്പ് സി.ഇ.ഒയ്ക്ക് കേന്ദ്ര ഐ.ടി മന്ത്രാലയം നൽകിയ കത്തിൽ പറയുന്നു.ഡേറ്റ പങ്കുവയ്ക്കുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കും. ഉപയോക്താവിനെയും ഇത് ബാധിക്കും.
പുതിയ സ്വകാര്യതാ നയവും വ്യവസ്ഥകളും സ്വീകരിക്കാൻ ഉപഭോക്താവിനെ നിർബന്ധിക്കരുത്. ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും വ്യത്യസ്തമായ സ്വകാര്യത നയമെന്നത് വിവേചനപരമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വാട്സ് ആപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണെന്നിരിക്കെ ഈ വിവേചനം രാജ്യത്തെ പൗരന്മാരോടുള്ള ആദരവില്ലായ്മയാണ്. പൗരന്മാരുടെ താത്പര്യം സംരക്ഷിക്കാനുള്ള പരമാധികാരം ഇന്ത്യയ്ക്കുണ്ട്. വ്യക്തിവിവര സംരക്ഷണബിൽ പാർലമെന്റ് പരിഗണിക്കുന്നതിനിടെ എന്തിനാണ് ഇത്രയും സുപ്രധാന മാറ്റം കൊണ്ടുവന്നതെന്ന് വിശദീകരിക്കണം. ഇന്ത്യയിലെ ഉപയോക്താവിൽ നിന്ന് എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും എന്തിനാണ് ഇവ ഉപയോഗിക്കുന്നതെന്നതടക്കമുള്ള സ്വകാര്യതയെയും ഡാറ്റ സുരക്ഷയെയും സംബന്ധിച്ച് 14 ചോദ്യങ്ങളും കേന്ദ്രം ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.