ന്യൂഡൽഹി: മോദിയെന്നല്ല ആരെയും പേടിയില്ലെന്നും അവർക്കെന്നെ തൊടാനാവില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.കോൺഗ്രസ് ആസ്ഥാനത്ത് പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖ പുറത്തിറക്കി സംസാരിക്കുകയായിരുന്നു രാഹുൽ. മോദിയെയോ മറ്റാരെയെങ്കിലുമോ പേടിയില്ല. എന്റെ കൈകൾ ശുദ്ധമാണ്. അവർക്ക് എന്നെ തൊടാനാവില്ല. വേണമെങ്കിൽ എന്നെ വെടിവയ്ക്കാം. ഞാനൊരു ദേശസ്‌നേഹിയാണ്. ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കും. എല്ലാവരും എനിക്കെതിരെ തിരിഞ്ഞാലും ഞാൻ ഒറ്റയ്ക്ക് നിന്ന് പോരാടും. സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ ഒരിക്കൽക്കൂടി പോരാടുകയാണ്. മൂന്നു കാർഷിക നിയമങ്ങളും ഇന്ത്യയിലെ കാർഷികമേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു.
കാർഷികനിയമം,ചൈനീസ് അതിക്രമം തുടങ്ങി വിവിധ വിഷയങ്ങളിൽ രാഹുലിനോട് ചോദ്യങ്ങളുന്നയിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ട്വീറ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ മറുപടി ഇങ്ങനെ: ആരാണ് അയാൾ. അയാളോട് എന്തിന് മറുപടി പറയണം. അദ്ദേഹം എന്റെ പ്രൊഫസറാണോ?. ഈ രാജ്യത്തോട് ഞാൻ മറുപടി പറയും. രാഹുൽ തിരിച്ചടിച്ചു.ബാലാക്കോട്ട് മിന്നലാക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയതെന്നും പ്രധാനമന്ത്രി തന്നെ ചോർത്തി നൽകിയതിനാൽ വിഷയത്തിൽ അന്വേഷണമുണ്ടാകില്ലെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരമൊരു രഹസ്യം ഒരു മാദ്ധ്യമപ്രവർത്തകന് ചോർത്തിനൽകിയാൽ അത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണ്. ആരാണ് വിവരം ചോർത്തിയതെന്ന് കണ്ടെത്തണം. പ്രധാനമന്ത്രിയാണോ അതോ ആഭ്യന്തര മന്ത്രിയാണോ എന്ന് അറിയേണ്ടതുണ്ടെന്നും രാഹുൽ വ്യക്തമാക്കി.