airport

ന്യൂഡൽഹി :തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന എയർ പോർട്ട് അതോറ്റിയുടെ അറിയിപ്പിന് പിന്നാലെ, ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച്ച (25ന്) തന്നെ പരിഗണിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയത്.

കഴിഞ്ഞ ഒക്ടോബർ 19നാണ് വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകുന്നതിനെതിരായ സർക്കാരിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയത്. ഇതിനെതിരെ നവംബറിൽ കേരളം അപ്പീൽ നൽകി. ഹർജി നേരത്തെ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ചാണ്. കൊവിഡിനെ തുടർന്ന് വളരെ കുറച്ച് കേസുകളാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് ലിസ്റ്റ് ചെയ്യുന്നത്.നിലവിൽ 25ലേക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണ് ഹർജി. സംസ്ഥാന സർക്കാരിന് പുറമെ എയർപോർട്ട് ജീവനക്കാരുടെ സംഘടനയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.