vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി വാരാണസിയിലെ കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഗുണഭോക്താക്കളുമായും വാക്സിനേറ്റർമാരുമായും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. ഇവർ കുത്തിവയ്പിന്റെ ആദ്യ അനുഭവം പങ്കിടും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പരിപാടി.

വാക്സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ

കേന്ദ്ര ആരോഗ്യമന്ത്രാലയം പോസ്റ്ററുകൾ പുറത്തിറക്കി. കൊവിഡ് വാക്‌സിനെതിരെ ചിലർ കിംവദന്തികൾ പരത്തുന്നതായി പോസ്റ്ററുകൾ പുറത്തിറക്കിയ ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. പ്രശസ്തമായ ആശുപത്രികളിലെ പ്രമുഖ ഡോക്ടർമാരടക്കം കൊവിഡ് വാക്‌സിൻ എടുത്തു. ചുരുക്കം ചില നിക്ഷിപ്ത രാഷ്ട്രീയ താത്പര്യക്കാരാണ് കിംവദന്തികൾ പരത്തി സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നത്. വിവിധ ലോകരാജ്യങ്ങൾ വാക്സിനായി ഇന്ത്യയെ സമീപിക്കുമ്പോഴാണ് ഇവിടെയുള്ള ചിലർ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി തെറ്റിദ്ധാരണയും സംശയവും പരത്തുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.