ന്യൂഡൽഹി: ഒന്നര വർഷം വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്നും പ്രശ്നപരിഹാരത്തിനായി സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളി കർഷക സംഘടനകൾ. നിയമം പിൻവലിക്കും വരെ ശക്തമായ സമരം തുടരാനും ഇന്നലെ സിംഘു അതിർത്തിയിൽ ചേർന്ന കർഷകസംഘടനകളുടെ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇതോടെ ഇന്ന് ചേരുന്ന പതിനൊന്നാംവട്ട ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.
നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നും താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ഇന്നത്തെ യോഗത്തിലും ശക്തമായി ഉന്നയിക്കുമെന്നും നേതാക്കൾ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി ഡൽഹി ഔട്ടർ റിംഗ് റോഡിൽ നടത്തുമെന്നും യോഗം ആവർത്തിച്ചു. എന്നാൽ റാലിക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ പത്തു കേന്ദ്ര പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ റാലിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ രാംപൂർ, ഛത്തീസ്ഗഢിലെ ബിലാസ്‌പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഡൽഹിയിലേക്ക് പുറപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ നാളെ മുതൽ 25 വരെ സംസ്ഥാനങ്ങളിൽ രാജ്ഭവൻ ഉപരോധം ഊർജിതമാക്കാനും സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനിച്ചു.
കാർഷിക നിയമങ്ങൾ: വിദഗ്ദ്ധ സമിതി ചർച്ച തുടങ്ങി
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി കർഷക സംഘടനകളുമായി ചർച്ച തുടങ്ങി. കേരളം, യു.പി, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ എട്ട് സംസ്ഥാനങ്ങളിലെ സമരരംഗത്തില്ലാത്ത പത്ത് സംഘടനകളാണ് ഇന്നലെ ചർച്ചയിൽ പങ്കെടുത്തത്. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ചർച്ച. കാർഷിക നിയമങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശം ചില സംഘടനകൾ മുന്നോട്ടുവച്ചതായി സമിതി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഷേത്കാരി സംഘടനാ പ്രസിഡന്റ് അനിൽ ഗൻവത് അദ്ധ്യക്ഷനായ സമിതിയിൽ കാർഷിക വിദഗ്ദ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരാണുള്ളത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപീന്ദർ സിംഗ് മാൻ സമിതിയിൽ നിന്ന് പിൻമാറിയിരുന്നു.
ദില്ലി ചലോ സമരം നയിക്കുന്ന സംഘടനകൾ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കർഷകർ, സംസ്ഥാന സർക്കാരുകൾ, വിപണനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുമായി ചർച്ച ചെയ്തശേഷമുള്ള അഭിപ്രായങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നും തങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളല്ലെന്നും സമിതി അദ്ധ്യക്ഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.