1945 ആഗസ്റ്റ് 18ന് തായ്വാനിലെ തായ്ഹോകു വിമാനത്താവളത്തിൽ ജപ്പാന്റെ വിമാനം തകർന്ന് നേതാജി മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. അത് അതേപടി വിശ്വസിക്കാൻ പലരും തയ്യാറായിട്ടില്ല. അതിന് പല കാരണങ്ങളും പറയുന്നുണ്ട്. നേതാജിയുടെ സന്തത സഹചാരികളെ വിമാനയാത്രയിൽ അനുഗമിക്കാൻ അനുവദിച്ചില്ല, അപകടശേഷമോ മരണശേഷമോ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല ഒന്നിന്റെയും ചിത്രങ്ങൾ ഇല്ല, മരണസർട്ടിഫിക്കറ്റോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ ഇല്ല എന്നൊക്കെയാണ് കാരണങ്ങൾ.നേതാജിയുടെ തിരോധാനം അന്വേഷിക്കാൻ മൂന്നു കമ്മിഷനുകളെ കേന്ദ്ര സർക്കാർ നിയമിച്ചിട്ടുണ്ട്.
ഷാനവാസ് കമ്മിഷൻ (1956 )
പ്രധാനമന്ത്രി നെഹ്റുവിന്റെ കാലത്ത് ഷാ നവാസ് ഖാൻ കമ്മീഷൻ. നേതാജിയുടെ സഹോദരൻ സുരേഷ് ബോസും കമ്മിറ്റിയിലുണ്ടായിരുന്നു. അപകടം നടന്ന തായ്ലൻഡിലെ വിമാനത്താവളത്തിലെ ദൃക്സാക്ഷികൾ, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ, മരിച്ചവരുടെ ബന്ധുക്കൾ, മിലിട്ടറി ആശുപത്രി രേഖകൾ എന്നിവ കമ്മിഷൻ ശേഖരിച്ചു. നേതാജിയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ 1946ൽ രൂപം നൽകിയ ഫിഗ്ഗീസ് കമ്മിഷൻ റിപ്പോർട്ട്, മൗണ്ട് ബാറ്റന്റെ ഡയറികൾ തുടങ്ങിയവയും പരിശോധിച്ചു. വിമാനാപകടത്തിൽ നേതാജി മരിച്ചെന്ന് റിപ്പോർട്ട് സമർപ്പിച്ചു. സുരേഷ് ബോസ് ഇതിനെതിരെ രംഗത്തെത്തി. പശ്ചിമബംഗാളിലെ ഗവർണർ പദവി മോഹിച്ച്, ജപ്പാന്റെ ഭാഷ്യം വിശ്വസിക്കണമെന്ന നെഹ്റുവിന്റെ അഭിപ്രായം അതേപടി ഷാനവാസ് റിപ്പോർട്ട് ആക്കിയതാണെന്നായിരുന്നു സുരേഷിന്റെ ആരോപണം.
ഖോസ്ല കമ്മിഷൻ (1970)
ഇന്ദിരാഗാന്ധി നിയമിച്ച ഏകാംഗ കമ്മിഷൻ. പഞ്ചാബ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് ജി.ഡി. ഖോസ്ലയും നേതാജി വിമാനാപകടത്തിൽ മരിച്ചെന്ന് 1974ൽ റിപ്പോർട്ട് സമർപ്പിച്ചു. നേതാജിയുടെ ജീവചരിത്രകാരൻ ലിയാനോർഡ് ബി. ഗാർഡൻ തന്റെ പുസ്തകത്തിൽ പറയുന്നത് അന്ന് ഖോസ്ല ഇന്ത്യൻ സർക്കാരിന്റെ ഫയലുകൾ പരിശോധിച്ചപ്പോൾ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരു ഫയൽ സർക്കാർ രേഖകളിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും അത് റിപ്പോർട്ടിൽ പരാമർശിച്ചില്ലെന്നുമാണ്.
മുഖർജി കമ്മിഷൻ (1999 - 2005)
1999 ൽ വാജ്പേയ് സർക്കാർ നിയമിച്ച ജസ്റ്റിസ് മുഖർജി കമ്മീഷൻ 2006ൽ റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് വാല്യങ്ങളിലായി ആയിരക്കണക്കിന് പേജുകളുള്ള റിപ്പോർട്ട് ആദ്യ രണ്ട് കമ്മീഷന്റെ കണ്ടെത്തലുകളെയും തള്ളി. 1945ലെ വിമാനാപകടത്തിൽ നേതാജി മരിച്ചിട്ടില്ലെന്നും ബോസ് റഷ്യയിലേക്ക് പോയിരിക്കാം എന്നുമാണ് കമ്മിഷന്റെ വിലയിരുത്തൽ .