ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതിക്ക് തുടക്കമിട്ട് പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ബ്രസീലിലേക്കും മൊറോക്കയിലേക്കും കൊവിഷീൽഡ് വാക്സിൻ ഇന്നലെ കയറ്റി അയച്ചു. ബ്രസീലിലേക്ക് 20 ലക്ഷം ഡോസ് വാക്സിനാണ് നൽകുന്നത്. ദക്ഷിണാഫ്രിക്കയിലേക്കും സൗദിയിലേക്കും ഉടൻ അയയ്ക്കും. ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിന് ആവശ്യക്കാരേറെയാണെന്ന് വിദേശകാര്യസെക്രട്ടറി ഹർഷ ഷ്രിംഗല വ്യക്തമാക്കി. ഇന്ത്യയിലെ ആഭ്യന്തര ആവശ്യത്തിന് തടസമാകാത്ത നിലയിൽ വാക്സിന്റെ വാണിജ്യക്കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
അതിനിടെ ഇന്ത്യ സൗജന്യമായി അയച്ച കൊവിഷീൽഡ് വാക്സിൻ മ്യാൻമർ (15 ലക്ഷം ഡോസ്) , മൗറീഷ്യസ് ( ഒരു ലക്ഷം) , സീഷൽസ് (അരലക്ഷം) രാജ്യങ്ങളിൽ ഇന്നലെയെത്തി.