kc-venugopal

ന്യൂഡ‌ൽഹി: രാഹുൽഗാന്ധി നേതൃത്വത്തിൽ തിരിച്ചുവരുന്നതിൽ അനിശ്ചിതത്വം തുടരവേ,​ കോൺഗ്രസിന് പുതിയ ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പ് ജൂണിൽ നടക്കും. പ്രവർത്തകസമിതിയും അപ്പോൾ പുനഃസംഘടിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് തിര‌ഞ്ഞെടുപ്പ് ജൂണിലേക്ക് മാറ്റിയത്. അതുവരെ ഇടക്കാല അദ്ധ്യക്ഷയായി സോണിയഗാന്ധി തുടരും. ഇന്നലെ പ്രവർത്തകസമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
രാഹുൽഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അദ്ധ്യക്ഷപദം ഏറ്റെടുക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷനാവട്ടെ എന്ന നിലപാടിൽ തന്നെയാണ് രാഹുലെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനം പ്രസിഡന്റ് തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കും.

പാർലമെന്റിലെ കക്ഷി നേതാവ് ഉൾപ്പെടെ 25 അംഗങ്ങളാണ് പ്രവർത്തക സമിതിയിലുണ്ടാവുക. ഇതിൽ 12 പേരെയാണ് സംഘടനാതിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. 11 പേരെ കോൺഗ്രസ് അദ്ധ്യക്ഷൻ നോമിനേറ്റ് ചെയ്യും. പ്രവർത്തകസമിതി അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പും ജൂണിൽ നടക്കും. 23 വർഷങ്ങൾക്ക് ശേഷമാണ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

''ജൂണിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അദ്ധ്യക്ഷൻ കോൺഗ്രസിനുണ്ടാകും''

കെ.സി. വേണുഗോപാൽ

സംഘടനാ ജനറൽ സെക്രട്ടറി

പ്രവർത്തക സമിതിയിൽ വാഗ്വാദം

വീഡിയോ കോൺഫറൻസിലൂടെ നടന്ന മൂന്നു മണിക്കൂറിലേറെ നീണ്ട പ്രവർത്തക സമിതി യോഗത്തിൽ പുനഃസംഘടനയെ ചൊല്ലി മുതിർന്ന നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവിക്കും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു.

അടിയന്തരമായി സംഘടനാതിരഞ്ഞെടുപ്പ് നടത്തണമെന്ന് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, മുകുൾ വാസ്‌നിക്, പി.ചിദംബരം തുടങ്ങിയവർ ആവശ്യപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് മുൻഗണന വേണ്ടതെ ന്ന് അശോക് ഗെഹ്‌ലോട്ട്, അമരീന്ദർ സിംഗ്, എ.കെ. ആന്റണി, താരിഖ് അൻവർ, ഉമ്മൻചാണ്ടി തുടങ്ങിയവർ നിലപാടെടുത്തു. ഗെഹ്‌ലോട്ടും ആനന്ദ് ശർമ്മയും തമ്മിൽ വാക്പോരുണ്ടായി. രാഹുൽ ഗാന്ധി ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തിച്ചത്.