ന്യൂഡൽഹി : കൊവിഡ് കാരണം കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഇനി ഒരവസരം കൂടി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ.
കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്നും, ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമുള്ള ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അവസരം നഷ്ടമായവർക്ക് ഇനിയൊരു ഊഴം കൂടി നൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചതായി അഡീ. സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചു. . കേസ് 25ന് വീണ്ടും പരിഗണിക്കും.
പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷ;കൺഫർമേഷൻ തുടങ്ങി
തിരുവനന്തപുരം: ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുളള തസ്തികകളുടെ വിവരങ്ങളും പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 9 വരെ പരീക്ഷ കൺഫർമേഷൻ നൽകാം . ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളേെ ഓരോന്നിനും പ്രത്യേകം കൺഫർമേഷനും ചോദ്യപേപ്പർ മാദ്ധ്യമം സംബന്ധിച്ച വിവരവും നൽകണം.
കേരളസർവകലാശാല പഠന വകുപ്പുകൾക്ക് 30 വരെ അവധി
തിരുവനന്തപുരം: കേരള സർവകലാശാല പഠനവകുപ്പുകളിൽ പോസ്റ്റ് ഗ്രാജുവേറ്റ്, എം.ഫിൽ ക്ലാസുകൾക്ക് 30 വരെ വൈസ്ചാൻസലർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ഗവേഷക വിദ്യാർത്ഥികളും അദ്ധ്യാപകരും ഡിപ്പാർട്ട്മെന്റുകളിൽ ഹാജരാകണം.