ന്യൂഡൽഹി: 2020ൽ രാജ്യത്തെ വിവിധ കോടതികളിൽ 404 പേരെ വധശിക്ഷയ്ക്ക് വിധിച്ചതായി നാഷണൽ
ലാ യൂണിവേഴ്സിറ്റിയുടെ വാർഷിക റിപ്പോർട്ട്. ഇതിൽ 59 പേരും ഉത്തർപ്രദേശിൽ നിന്നാണ്. വധശിക്ഷ ലഭിച്ചതിൽ 65 ശതമാനം കേസുകളും പീഡനക്കേസുകളായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2019ലെ 53 ശതമാനം എന്ന റെക്കാഡാണ് 2020 മറികടന്നിരിക്കുന്നത്. യു.പിക്ക് തൊട്ടു പിന്നാലെ മഹാരാഷ്ട്ര (45), മദ്ധ്യപ്രദേശ് (37), പശ്ചിമബംഗാൾ (34), ഝാർഖണ്ഡ്, ബിഹാർ (28 വീതം), കർണാടക (26) എന്നീ സംസ്ഥാനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിൽ 17 പേരെയാണ് കഴിഞ്ഞ വർഷം വധശിക്ഷയ്ക്ക് വിധിച്ചത്. ഏറ്റവും കുറവ് വധശിക്ഷ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആന്ധ്രാപ്രദേശിലാണ് (2). 2019ൽ ആകെ 103 പേരെയാണ് രാജ്യത്തെ വിവിധ കോടതികൾ വധശിക്ഷയ്ക്ക് വിധിച്ചത്. 2018ൽ ഇത് 163 ആയിരുന്നു.