farmers-strike

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ഒന്നര വർഷം മരവിപ്പിക്കാമെന്നുള്ള കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക നേതാക്കൾ തള്ളിയതോടെ അടുത്ത ചർച്ചയ്ക്കുള്ള സമയം പോലും തീരുമാനിക്കാതെ പതിനൊന്നാംവട്ട ചർച്ചയും പിരിഞ്ഞു.

നിയമങ്ങൾ മരവിപ്പിക്കാനുള്ള ശുപാർശ ചർച്ച ചെയ്യാനാണെങ്കിൽ മാത്രം അടുത്ത യോഗം ചേർന്നാൽ മതിയെന്ന കടുത്ത നിലപാടിലാണ് കേന്ദ്രം. ഇക്കാര്യം ഇന്ന് ഉച്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പ് കർഷക സംഘടനകൾ കേന്ദ്രത്തിന് നൽകി.

കേന്ദ്രശുപാർശ പരസ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ തള്ളിയ നേതാക്കളുടെ നിലപാടിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമ‌ർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ചർച്ച തുടങ്ങിയെങ്കിലും രണ്ട് ഇടവേളകളിലായി അരമണിക്കൂർ മാത്രമാണ് യോഗം ചേർന്നത്. ഉച്ചഭക്ഷണത്തിനുള്ള ഇടവേള മൂന്നു മണിക്കൂർ നീണ്ടു.

സാദ്ധ്യമായ പോംവഴിയാണ് മുന്നോട്ടുവച്ചതെന്ന് തോമർ പറഞ്ഞു. ഞങ്ങൾ മുന്നോട്ടുവച്ച ശുപാർശയിൽ തീരുമാനമെടുത്തറിയിച്ചാൽ വീണ്ടും ചർച്ചയാവാമെന്നും തോമർ വ്യക്തമാക്കി.

എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച കർഷക നേതാക്കൾ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി ശക്തമാക്കാനും തീരുമാനിച്ചു.

പാർലമെന്റ് പാസാക്കിയ നിയമം മരവിപ്പിക്കാനോ റദ്ദാക്കാനോ കേന്ദ്രസർക്കാരിന് അധികാരമില്ലെന്ന നിയമോപദേശം ലഭിച്ചതായി കിസാൻസഭ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി യോഗത്തിൽ ഭിന്നാഭിപ്രായമുയ‌ർന്നിരുന്നു. പഞ്ചാബിൽ നിന്നുള്ള 32 കർഷക സംഘടനകളിൽ പത്തിലേറെ സംഘടനകൾ നിയമങ്ങൾ മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിക്കണമെന്ന നിലപാടിലാണ്. ഈ ഭിന്നത മുതലെടുക്കാനാണ് കേന്ദ്ര നീക്കം. എന്നാൽ ഭൂരിപക്ഷം സംഘടനകളും കേന്ദ്രവാഗ്ദാനം തള്ളിയതായി കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള അറിയിച്ചു.

സമാധാനപരമായി ട്രാക്ടർ റാലി നടത്തുമെന്നും എന്തെങ്കിലും സംഘർഷമുണ്ടായാൽ ഉത്തരവാദി സർക്കാരാണെന്നും കർഷകനേതാവ് ബൽബീർ സിംഗ് രജേവാൾ പറഞ്ഞു.
ഇവിടെ കിടന്ന് മരിച്ചാലും നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഹർപാൽ സിംഗ് വ്യക്തമാക്കി.

അതിനിടെ യു.പിയിലെ അലിഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാംവേ ഫുഡ് ലിമിറ്റഡ് പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിനും യു.പി സർക്കാരിനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.