lalu1

ന്യൂഡൽഹി: കാലത്തീറ്റ കുംഭക്കോണകേസിൽ ജയിലിൽ കഴിയുന്ന ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായതോടെ ഡൽഹി എയിംസിലേക്ക് മാറ്റാൻ ജയിൽ അധികൃതർ അനുമതി നല്കി. റാഞ്ചിയിൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാലുവിന് ശ്വാസകോശ അണുബാധ രൂക്ഷമായതിനെ തുടർന്നാണ് ഡൽഹിയിലേക്ക് മാറ്റുന്നത്. ശ്വാസതടസവും വൃക്കസംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്.
72കാരനായ ലാലുവിനെ നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെള്ളിയാഴ്ച മകൻ തേജസ്വി യാദവും അമ്മ റാബ്‌റി ദേവിയും ലാലുവിനെ റാഞ്ചിയിലെത്തി കണ്ടു. ലാലുവിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു.
കാലത്തീറ്റ കുംഭകോണ കേസിൽ 2017 ഡിസംബർ മുതൽ ലാലു പ്രസാദ് യാദവ് ജയിലിലാണ്. അനാരോഗ്യം ചൂണ്ടിക്കാട്ടി പിന്നീട് ജാർഖണ്ഡിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.