ന്യൂഡൽഹി: ഒമ്പത് മാസത്തോളമായി തുടരുന്ന ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവുവരുത്താനുള്ള ഇന്ത്യ - ചൈന ഒമ്പതാംവട്ട കമാൻഡർ തല ചർച്ച ഇന്ന് നടക്കും. ചൈനീസ് ഭാഗത്തെ മോൾഡോയിലെ മീറ്റിംഗ് പോയിന്റിലാണ് ചർച്ച.
സേനാ പിന്മാറ്റമാണ് പ്രധാന അജൻഡ. 14 കോർപ്‌സ് കമാൻഡർ ലെഫ്. ജനറൽ
പി.ജി.കെ മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. നവംബർ ആറിന് നടന്ന എട്ടാംവട്ട ചർച്ച ഇന്ത്യൻ ഭാഗത്തെ ചുഷൂലിൽ ആണ് നടന്നത്. കിഴക്കൻ ലഡാക്കിലെ പ്രശ്നബാധിത മേഖലകളിൽ നിന്ന് ചൈനീസ് സേന ആദ്യം പിന്മാറണമെന്ന് കഴിഞ്ഞ ചർച്ചയിൽ ഇന്ത്യൻ ശക്തമായി ഉന്നയിച്ചിരുന്നു. ഇന്ത്യ ആദ്യം പിന്മാറട്ടെയെന്ന് ചൈനയും നിലപാടെടുത്തതോടെ ചർച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു.
ചൈനീസ് സൈനികരുടെ എണ്ണം കുറയ്ക്കാതെ ഇന്ത്യ പിന്മാറില്ലെന്നാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ചർച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാദ്ധ്യമാകൂവെന്നും അതിന് ഒരു അന്തിമ തീയതി നിശ്ചയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയിൽകിഴക്കൻ ലഡാക്കിലെ ഗൽവാൻ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ചൈനീസ് സേന അതിക്രമിച്ച് കയറിയതോടെയാണ് സംഘർഷാവസ്ഥ തുടങ്ങിയത്. കൊടും ശൈത്യത്തിലും ഏത് അടിയന്തര സാഹചര്യവും നേരിടാനായി അരലക്ഷത്തോളം ഇന്ത്യൻ സൈനികർ ഈ മേഖലകളിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
ചൈനയും ശക്തമായ സേനാവിന്യാസമാണ് നടത്തിയത്. പാംഗോംഗിലെ തെക്കൻ തീരത്ത് ടാങ്കുകളുമായി ഇരുസേനാവിഭാഗങ്ങളും മുഖാമുഖം നിൽക്കുന്ന സ്ഥിതിയുമുണ്ട്.
അതേസമയം അരുണാചൽ അതിർത്തിയിൽ ചൈന നൂറിലേറെ വീടുകളടങ്ങിയ ഗ്രാമങ്ങൾ നിർമ്മിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തങ്ങളുടെ ഭൂമിയിലാണ് വീട് നിർമ്മിച്ചതെന്നാണ് ചൈനയുടെ അവകാശവാദം. സ്ഥിതിഗതികൾ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.