ന്യൂഡൽഹി:കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി (കിസാൻ പരേഡ്) നടത്താൻ പൊലീസിന്റെ അനുമതി. എന്തുവന്നാലും റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കിസാൻ പരേഡ് നടത്തുമെന്ന് കർഷക സംഘടനകൾ നിലപാട് കടുപ്പിച്ചതോടെയാണ് സംഘർഷസാദ്ധ്യത ഒഴിവാക്കാൻ കേന്ദ്രസർക്കാർ വിട്ടുവീഴ്ച ചെയ്‌തത്. ത്രിവർണപതാകയുമായി ഒരു ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരത്തുമെന്നാണ് കർഷകസംഘടനകൾ പറയുന്നത്.
സമരകേന്ദ്രങ്ങളായ സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ നിന്ന് അഞ്ചു റൂട്ടുകളിലായി 60 കിലോമീറ്റർ ദൂരത്തിൽ കിസാൻ പരേഡ് നടക്കുമെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. ഔട്ടർ റിംഗ് റോഡിൽ ഡൽഹിയെ വളയുന്ന തരത്തിൽ റാലി ഉണ്ടാകില്ല. കർഷകരെ തടയാൻ സ്ഥാപിച്ച സിംഘുവിലെയും തിക്രിയിലെയും സിമൻഡ് ബാരിക്കേഡുകളടക്കം ട്രാക്‌ടർ റാലിക്കായി പൊലീസ് നീക്കും. പുതിയ റൂട്ടും വിശദാംശങ്ങളും ഇന്ന് വ്യക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
അതേസമയം കാർഷിക നിയമങ്ങൾ റദ്ദാക്കാനായുള്ള കർഷക സമരം രണ്ടുമാസം പിന്നിട്ടു.
തുടക്കം മുതൽ ട്രാക്ടർ റാലിയെ കേന്ദ്രം എതിർത്തിരുന്നു. റാലി റിപ്പബ്ലിക് പരേഡിനെ അപമാനിക്കലാണെന്നും തടയണമെന്നും കാട്ടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ വിസമ്മതിച്ച കോടതി, തീരുമാനം പൊലീസിനെടുക്കാമെന്ന് വ്യക്തമാക്കി. തുടർന്ന് ഔട്ടർ റിംഗ് റോഡിൽ ട്രാക്ടർ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. പകരം കുണ്ട്ലി മനേസർ പാത നിർദ്ദേശിച്ചെങ്കിലും കർഷക സംഘടനകൾ അംഗീകരിച്ചില്ല. കഴിഞ്ഞദിവസം പതിനൊന്നാമത്തെ ചർച്ചയും പരാജയപ്പെട്ടതോടെ ട്രാക്ടർ റാലി നടത്തുമെന്ന കർശന നിലപാട് എടുക്കുകയായിരുന്നു. തുടർന്ന്
ഇന്നലെ പൊലീസുമായി നടന്ന ചർച്ചയിലാണ് ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുമതിയായത്. റാലി സമാധാനപരമായിരിക്കുമെന്ന് കർഷകനേതാക്കൾ വ്യക്തമാക്കി.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ ട്രാക്ടർ റാലിയിൽ പങ്കെടുക്കും.
രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച ശേഷമായിരിക്കും ട്രാക്ടർ റാലി.
യുവാവിനെ ചോദ്യം ചെയ്യുന്നു
സിംഘു സമരകേന്ദ്രത്തിൽ കർഷകർ പിടികൂടി പൊലീസിന് കൈമാറിയ യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സമരത്തിനിടയിൽ പ്രശ്നമുണ്ടാക്കി നേതാക്കളെ വധിക്കാൻ പദ്ധതിയിട്ട സംഘത്തിലെ അംഗമാണ് യുവാവെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. ഇക്കാര്യം യുവാവുമായി വെള്ളിയാഴ്ച രാത്രി നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക നേതാക്കൾ ഉന്നയിച്ചിരുന്നു. നാലു കർഷകനേതാക്കളെ ഉന്നമിട്ടെന്നാണ് യുവാവ് പറഞ്ഞത്. ട്രാക്ടർ റാലിക്കിടെ പൊലീസിനു നേരെ വെടിവെയ്ക്കാനും സംഘർഷമുണ്ടാക്കാനും പദ്ധതിയിട്ടെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.