ന്യൂഡൽഹി: കർഷക നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാസിക്കിൽ നിന്നും മുംബയിലേക്ക് ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക റാലി തുടങ്ങി. മഹാരാഷ്ട്രയിലെ 21 ജില്ലകളിലുള്ള ആയിരക്കണക്കിന് കർഷകരാണ് 180 കിലോമീറ്റർ താണ്ടി ഇന്നലെ മുതൽ മുംബയിലേക്ക് മാർച്ച് നടത്തുന്നത്. നൂറോളം വാഹനങ്ങളും റാലിയിൽ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ പ്രശസ്തമായ ആസാദ് മൈദാനിൽ ഇവർ പ്രകടനം നടത്തും. എൻ.സി.പി നേതാവ് ശരത് പവാറും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
കർഷകരെ തടഞ്ഞു പൊലീസ്
ഹരിയാന ഡൽഹി അതിർത്തിയിലടക്കം റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ഇതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
അതേസമയം കർഷക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെ വീണ്ടും രംഗത്തെത്തി. സർക്കാർ പാസാക്കിയ കർഷക നിയമങ്ങളുടെ ഗുണവശങ്ങൾ സമരം ചെയ്യുന്ന കർഷകർ ചർച്ച ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇതു വരെ നടത്തിയ ചർച്ചകൾ ഫലം കാണാതെ പോയതെന്നും മന്ത്രി പറഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പിൻവലിക്കണമെന്ന് ഇന്നലെ ഇടത് പാർട്ടികൾ സംയുക്തമായി ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലും മാർച്ച്
ഡൽഹിയിലെ കർഷക റാലിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ കർഷകർ നാളെ ഗ്രാമങ്ങളിൽ നിന്നും അതത് കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും. ട്രാക്ടറുകളും കാളവണ്ടികളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടുത്തിയാണ് റാലി നടത്തുക.