ന്യൂഡൽഹി: കൊവിഡ് വാക്സിൻ കുത്തിവയ്പിൽ ഇന്ത്യ, അമേരിക്കയേയും ബ്രിട്ടനെയും കടത്തിവെട്ടിയെന്ന് കേന്ദ്രം. ആറു ദിവസത്തിനിടെ പത്തുലക്ഷം പേർക്കാണ് വാക്സിൻ കുത്തിവച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്കയിൽ പത്തുലക്ഷം പേർക്ക് വാക്സിൻ കുത്തിവയ്ക്കാൻ പത്തുദിവസമെടുത്തു. യു.കെയിൽ ഇത് 18 ദിവസമാണ്. ഇന്ത്യ ഇത് ആറുദിവസം കൊണ്ട് മറികടന്നു.
നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷം കടന്നു. കൊവിഷീൽഡ് വാക്സിനാണ് കുത്തിവയ്ക്കുന്നത്.
24 മണിക്കൂറിനിടെ രണ്ടുലക്ഷത്തോളം പേർക്കാണ് വാക്സിൻ നൽകിയത്. 27,920 ഘട്ടങ്ങളിലായാണ് ഇത്രയും പേർക്ക് വാക്സിൻ നൽകിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.