ee

ഭക്ഷണത്തിന് രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്‌ക്കൊപ്പംതന്നെ ഉപയോഗിക്കുന്ന ഒന്നാണ് ജാതിക്ക. ജാതിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഇന്തോനേഷ്യക്കാരൻ

മിരിസ്റ്റിക്ക ഫ്രാഗ്രൻസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം ഇന്തോനേഷ്യയിലെ ബാൻഡ, മോളിക്കൂസ് ദ്വീപുകളിലാണ്. ദക്ഷിണേഷ്യൻ ജൈവ മണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി . ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇവയെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. ബ്രിട്ടീഷുകാരാണ് ജാതികൃഷി മറ്റു പ്രദേശങ്ങളലേക്കു വ്യാപിപ്പിച്ചത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപുവ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. എന്നിരുന്നാലും ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്തോനേഷ്യയിലാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന (സ്ഥലവിസ്‌തൃതിയിലും ഉത്പാദനത്തിലും) സംസ്ഥാനം കേരളമാണ്. കേരളത്തെക്കൂടാതെ തമിഴ്നാട്, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്. ജാതിക്കക്കുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതിക്ക തൈലം ലഭിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ജാതിക്കാതൈലം വേദന സംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്‌ക്കു കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.

പ്രകൃതിയുടെ ഔഷധക്കൂട്ട്

വിറ്റാമിൻ എ, സി, ബി 6, തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ, ഫോളേറ്റ്, കോളിൻ, കാൽസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, ചെമ്പ്, മാംഗനീസ് എന്നിവ അടങ്ങിയ പ്രകൃതിയുടെ ഒരു ഔഷധക്കൂട്ടാണ് ജാതിക്ക.

100 ഗ്രാം ജാതിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ:

പ്രോട്ടീൻ 5.8 ഗ്രാം

ഉദരാരോഗ്യം ഉണ്ടെങ്കിലേ ആരോഗ്യകരമായി ശരീരഭാരം കുറയ്‌ക്കാൻ സാധിക്കൂ. പോഷകങ്ങളെ ആഗിരണം ചെ‌‌യ്‌തും ശരീരത്തിലെ വിഷാംശങ്ങളെ നീക്കിയും ആരോഗ്യമുള്ള ദഹനവ്യവസ്ഥ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. മലബന്ധം, ഗ്യാസ്ട്രബിൾ, വയറു കമ്പിക്കൽ തുടങ്ങി എല്ലാത്തരം പ്രശ്‌നങ്ങളും അകറ്റാൻ ജാതിക്ക സഹായിക്കും. ഇതു വഴി ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
പ്രമേഹം നിയന്ത്രിക്കുന്നു

ee

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ജാതിക്ക സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതു വഴി പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കുന്നു. പാൻക്രിയാസിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും ജാതിക്ക സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിനെ ശാന്തമാക്കാനും സ്‌ട്രെസ് അകറ്റാനുമുള്ള കഴിവ് ജാതിക്കയ്‌ക്കുണ്ട് . ഇത് മൂലം ജാതിക്ക ഒരു സ്റ്റിമുലന്റ് ആയി പ്രവർത്തിക്കുകയും മാനസിക നില ഉയർത്തുകയും ചെയ്യും. കൂടാതെ തലച്ചോറിനെ റിലാക്‌സ് ചെയ്യാൻ സഹായിക്കുകയും അതു വഴി ഇൻസോമ്‌നിയ ഉൾപ്പെടെയുള്ള ഉറക്ക പ്രശ്‌നങ്ങൾ അകറ്റുകയും ചെയ്യുന്നു. ബൗദ്ധികമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ജാതിക്ക സഹായിക്കും.
ചർമത്തിന്റെ ആരോഗ്യം

ചർമ്മസംരക്ഷണത്തിനുള്ള ഒരു മികച്ച ഘടകമാണ് ജാതിക്ക. ഇതിലെ ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ കറുത്തപാടുകൾ നീക്കംചെയ്യാനും മുഖക്കുരു, അടഞ്ഞുപോയ സുഷിരങ്ങൾ എന്നിവ ചികിത്സിക്കാനും ഉപയോഗിക്കുന്നു. വീട്ടുവൈദ്യമായി ജാതിക്ക ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്. ജാതിക്കപ്പൊടിയും തേനും കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരു ബാധിച്ചയിടത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക. ജാതിക്കപ്പൊടിയും കുറച്ച് തുള്ളി പാലും ഉപയോഗിച്ച് നിങ്ങൾക്ക് ഒരു പേസ്റ്റ് ഉണ്ടാക്കി ഉപയോഗിക്കാം. ഈ മിശ്രിതം ചർമ്മത്തിൽ മസാജ് ചെയ്യുക. ഓട്‌സ്, ഓറഞ്ച് തൊലി തുടങ്ങിയവയ്‌ക്കൊപ്പവും ജാതിക്ക ചർമ്മഗുണത്തിനായി ഉപയോഗിക്കാവുന്നതാണ്.

വേദന സംഹാരി

വേദനകൾക്കുള്ള ഒരു പ്രധാന കാരണം ഇൻഫ്‌ളമേഷൻ ആണ്. ജാതിക്കയ്‌ക്ക് ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം, വ്രണം, പേശിവേദന തുടങ്ങിയവയുടെ ലക്ഷണങ്ങളെ അകറ്റി വേദനസംഹാരിയായി പ്രവർത്തിക്കുന്നു.

ജാതിക്ക പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് ഭക്ഷണത്തിന്റെ ഗന്ധം കൂട്ടുന്നു. പച്ചക്കറികൾ വേവിക്കുമ്പോഴും ഫ്രൂട്ട് സലാഡിനൊപ്പവും ഡെസർട്ടുകളിലുമെല്ലാം ഇത് ചേർക്കാം. കേക്ക്, മഫിൻസ്, ബേക്ക് ചെയ്‌ത ഭക്ഷണങ്ങൾ ഇവയിലെല്ലാം ജാതിക്ക പൊടിച്ചത് ചേർക്കാം. ഭക്ഷണത്തിൽ ചെറിയ അളവിൽ ജാതിക്ക ചേർക്കുന്നതു തന്നെ രുചിയും ഗന്ധവും കൂട്ടും. ജാതിക്ക കൂടിയ അളവിൽ ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം; പ്രത്യേകിച്ചും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും.

ഉറക്കത്തിന്

ചെറിയ അളവിൽ കഴിക്കുമ്പോൾ ജാതിക്കയ്‌ക്ക് നമ്മെ ശാന്തമാക്കാനുള്ള കഴിവുണ്ട്. വിവിധ പുരാതന ഔഷധ സമ്പ്രദായം അനുസരിച്ച് ജാതിക്ക ഉറക്കത്തെ പ്രേരിപ്പിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ആയുർവേദം അനുസരിച്ച്, നിങ്ങൾക്ക് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു നുള്ള് ജാതിക്ക ചേർത്ത് ഉറങ്ങുന്നതിനുമുമ്പ് കഴിക്കാവുന്നതാണ്. അധിക നേട്ടങ്ങൾക്കായി ഇതിലേക്ക് ബദാം, ഒരു നുള്ള് ഏലം എന്നിവ ചേർക്കാം. സ്‌ട്രെസ് കുറയ്‌ക്കാനും മനസിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.

വായനാറ്റം അകറ്റുന്നു

നിങ്ങളുടെ ശരീരത്തിലെ വിഷാംശത്തിന്റെ ഫലമായിരിക്കും നിങ്ങളിലെ വായ്‌നാറ്റം. അനാരോഗ്യകരമായ ജീവിതശൈലിയും അനുചിതമല്ലാത്ത ഭക്ഷണക്രമവും നിങ്ങളുടെ ശരീരത്തിൽ വിഷവസ്‌തുക്കളെ സൃഷ്‌ടിക്കുന്നു. കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്‌തുക്കളെ നീക്കം ചെയ്യാൻ ജാതിക്കയെ സഹായിക്കുന്നു. ജാതിക്ക എണ്ണയിൽ ആന്റി ബാക്‌ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വായയിൽ നിന്ന് ബാക്‌ടീരിയകളെ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. വായിലെ അണുബാധയ്‌ക്കു കാരണമാകുന്ന രോഗാണുക്കളോട് പൊരുതി ദന്തപ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമേകാൻ ജാതിക്കയ്‌ക്കു കഴിയും. ആയുർവേദ ടൂത്ത് പേസ്റ്റുകൾക്കും ഗം പേസ്റ്റുകൾക്കുമുള്ള ഘടകമായി ഇത് സാധാരണയായി ഉപയോഗിക്കുന്നു. ജാതിക്ക എണ്ണയിലെ യൂജെനോൾ പല്ലു വേദനയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

eee

രക്തചംക്രമണം രക്തസമ്മർദ്ദം

ജാതിക്കയിലെ ഉയർന്ന അളവിലുള്ള ധാതുലവണങ്ങൾ രക്തചംക്രമണത്തെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കുന്നതിനുള്ള മികച്ച ഘടകമാണ്. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയമിടിപ്പ് കാര്യക്ഷമമായി നിലനിർത്തുന്നതിനൊപ്പം രക്തക്കുഴലുകളെ വിശ്രമിക്കുന്നതിനും ഇതിന്റെ സമ്മർദ്ദം കുറയ്‌ക്കുന്നതിനും ജാതിക്ക സഹായിക്കുന്നു.

ജാതിക്കാ തോട്ടം

ജാതി ചെടികൾക്ക് പരിചരണം കുറച്ചു മതി എന്നതും, വിളവെടുപ്പ് ആയാസ'രഹിതമായി നടത്താമെന്നതും ജാതി കൃഷി എളുപ്പമാക്കുന്നു. വിത്തുപാകി മുളപ്പിച്ച തൈകളോ ബഡ്ഡുകളോ ഒട്ടുതൈകളോ ജാതിക്കൃഷിക്കുപയോഗിക്കാം. നല്ലതുപോലെ മൂപ്പെത്തിയതും പുറന്തോട് പൊട്ടിത്തുടങ്ങിയതുമായ കായ്‌കൾ വിത്തിനെടുക്കാം. ഒട്ടും വൈകാതെ പുറംതോടും പത്രിയും ഇളക്കി മാറ്റി വിത്തു പാകണം. രണ്ടില പരുവമാക്കുമ്പോൾ ജാതിതൈ, വേരുകൾക്കു കേടുവരാതെ ഇളക്കിയെടുത്ത് നടണം. മുപ്പതടി അകലത്തിൽ രണ്ടടി താഴ്‌ചയിൽ കുഴി എടുക്കണം. ഉണങ്ങി പൊടിഞ്ഞ കാലിവളം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നീ ജൈവവളങ്ങൾ മേൽമണ്ണുമായി ചേർത്ത് നിറച്ച് മുകളിൽ ചെറുകുഴി തയ്യാറാക്കിയാണ് ജാതി തൈ നടേണ്ടത്. മഴ ലഭിക്കുന്നില്ലെങ്കിൽ നനയും തണലും ചെറുതൈകൾക്ക് കൃത്യമായി നൽകണം. പക്ഷേ മണ്ണിൽ വെള്ളം കെട്ടിനിൽക്കുകയുമരുത്. ചെറിയതോതിൽ തണൽ ആവശ്യമാണെങ്കിലും 60 ശതമാനമെങ്കിലും സൂര്യപ്രകാശം കിട്ടുന്ന തോട്ടങ്ങളിലാണ് നല്ല വിളവു ലഭിക്കുന്നത്. നേരിട്ടടിക്കുന്ന വെയിലിനേക്കാൾ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതിക്കൃഷിക്കുത്തമം. മൂന്നുനാല് വർഷം കൊണ്ട് ജാതിമരങ്ങൾ വിളവു തന്നു തുടങ്ങും.

ജലാശയ സാമീപ്യമുള്ള മണ്ണിൽ കൃഷി ചെയ്യാൻ അനുയോജ്യ വിളയാണ് ജാതി. മഴക്കാലത്ത് ജൈവവളങ്ങൾ ക്രമമായി നൽകണം. രോഗകീടബാധകൾ ജാതി ചെടികൾക്ക് കുറവാണ്. മരങ്ങൾക്ക് പ്രായമാകുന്നതോടെ കായ് പിടുത്തം കൂടുന്നതായും കാണാം. ജാതിക്കുരുവും പത്രിയും വിൽപന നടത്തുന്നതിൽ ഉയർന്ന വരുമാനവും ലഭിക്കുന്നു.

ഇലകരിച്ചിൽ, ഇലപ്പുള്ളി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്യൂഡോമോണസ് ലായനി 20 ഗ്രാം ഒരു ലിറ്ററിന് എന്ന തോതിൽ കലക്കി തടത്തിലെ മണ്ണു നനയത്തക്ക രീതിയിൽ ഒഴിച്ചു കൊടുക്കണം. ജാതിച്ചെടികൾ തമ്മിൽ 25 – 28 അടി അകലം പാലിച്ച് സൂര്യപ്രകാശം ക്രമീകരിച്ചു കൊടുക്കുന്ന പക്ഷം കീടരോഗ സാദ്ധ്യത കുറക്കാം. മുടിനാര് രോഗം പോലുള്ള രോഗങ്ങൾക്കു രോഗം ബാധിച്ച ഇലയും തണ്ടും മുറിച്ചു കത്തിച്ചുനശിപ്പിക്കണം. വർഷത്തിൽ രണ്ടുപ്രാവശ്യം കുമിൾനാശിനിയായ ബോർഡോമിശ്രതം തളിച്ചുകൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വിവിധ കൃഷി പരിപാലനമുറകൾ സംയോജിപ്പിച്ചു ശാസ്ത്രീയമായി അവലംബിക്കുന്ന പക്ഷം ജാതികൃഷി വിജയകരമാക്കാം.