sc

ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജിയിൽ, വിശദീകരണം തേടി സി.ബി.ഐക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച്

നിർദ്ദേശിച്ചു. കേസ് അടുത്ത മാസം പരിഗണിക്കുന്നതിലേക്ക് മാറ്റി.

സർക്കാർ പദ്ധതികൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ പാടില്ലെന്ന നിയമം ലൈഫ് മിഷനിൽ ലംഘിച്ചിട്ടില്ലെന്ന് ലൈഫ് മിഷൻ സി.ഇ.ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ കോടതിയെ അറിയിച്ചു. യു.എ.ഇ റെഡ് ക്രെസന്റ് ഉൾപ്പെടെ ആരോപണം ഉന്നയിക്കപ്പെടുന്ന ഒരു കമ്പനിയിൽ നിന്നും സർക്കാർ ഫണ്ട് സ്വീകരിച്ചിട്ടില്ല. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയിൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. അത് സംസ്ഥാന വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സി.ബി.ഐ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണം.

പൊതു അനുമതിയുണ്ടെന്നാണ് സി.ബി.ഐയുടെ വാദമെങ്കിലും, അതു സർക്കാർ പിൻവലിച്ചിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

വിദേശത്ത് നിന്ന് പണം ലഭിച്ചത് സർക്കാർ പരിപാടിയായതിനാലല്ലേയെന്ന് വാദത്തിനിടയിൽ കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടല്ലേയുള്ളൂ. അന്വേഷണം പൂർത്തിയായാലല്ലേ, ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയൂവെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ആരാഞ്ഞു.