chitra

ന്യൂഡൽഹി: മഹാഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണും, സംഗീതജ്ഞനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.ടി. ഉഷയുടെ പരിശീലകൻ ഒ. മാധവൻ നമ്പ്യാർ,തോൽപ്പാവക്കൂത്ത് കലാകാരൻ കെ.കെ രാമചന്ദ്ര പുലവർ, എഴുത്തുകാരൻ ബാലൻ പൂതേരി എന്നിവർക്ക് പദ്മശ്രീ പുരസ്കാരവും നൽകി റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ ആദരം. വയനാട്ടിലെ കൽപ്പറ്റയിൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ധനഞ്ജയ് ദിവാകർ സാഗ്‌ദേവിനും കേരളത്തിൽ നിന്ന് പദ്മശ്രീ ലഭിച്ചു.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഉൾപ്പെടെ ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ ബഹുമതി. 10 പേർക്ക് പദ്മഭൂഷൺ. സംഗീതജ്ഞ ബോംബെ ജയശ്രീ ഉൾപ്പെടെ 102 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. പുരസ്‌കാര ജേതാക്കളിൽ 10 പേർ വിദേശികളാണ്.

പദ്മവിഭൂഷൺ നേടിയ മറ്റുള്ളവർ: ഡോ.ബല്ലെ മോനപ്പ ഹെഗ്‌ഡെ (ആരോഗ്യം), ഇന്തോ- അമേരിക്കൻ ഊർജ്ജതന്ത്രജ്ഞനായ നരീന്ദർ സിംഗ് കപാനി ( മരണാനന്തരം), ബി.ബി ലാൽ (ആർക്കിയോളജി), സുദർശൻ സാഹു (കല), മൗലാനാ വഹിയുദീൻ ഖാൻ (ആത്‌മീയം).

മുതിർന്ന കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ്, മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ, മുൻ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേൽ, ഉത്തർപ്രദേശിൽ നിന്നുള്ള ഇസ്ലാമിക ആത്മീയ നേതാവ് കൽബേ സാദിഖ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ നൽകി.

ലോക്‌സഭാ മുൻ സ്പീക്കറും ബി.ജെ.പി നേതാവുമായ സുമിത്ര മഹാജൻ, കന്നഡ കവി ചന്ദ്രശേഖര കമ്പർ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറിയും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ തലവനുമായ നൃപേന്ദ്ര മിശ്ര, വ്യവസായി രജനീകാന്ത് ദേവിദാസ് ഷറോഫ്, ഹരിയാനയിൽ നിന്നുള്ള എം.പി തർലോചൻ സിംഗ് എന്നിവരാണ് പദ്മഭൂഷൺ ലഭിച്ച മറ്റുള്ളവർ.

ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീം ക്യാപ്ടനായിരുന്ന പി. അനിത, ടേബിൾ ടെന്നിസ് താരം മൗമദാസ്, അത്‌ലറ്റ് സുധാഹരി നാരായൺ സിംഗ് , ഗുസ്തി താരം വീരേന്ദർ സിംഗ്, കെ.വൈ വെങ്കിടേഷ് എന്നീ കായിക താരങ്ങൾക്ക് പദ്മശ്രീ ലഭിച്ചു.