ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാകയുയർത്തുന്ന ചെങ്കോട്ടയിലാണ് റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തെ അനുകൂലിക്കുന്ന ഒരുവിഭാഗം ട്രാക്ടറുകളുമായി ഇരച്ചുകയറി സിഖ് പതാകയും കർഷക സംഘടനകളുടെ പതാകയും ഉയർത്തിയത്.
കൊടും തണുപ്പിലും ഡൽഹി അതിർത്തിയിൽ സമാധാനപരമായി രണ്ടു മാസം പിന്നിട്ട സമരം ആദ്യമായാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. കർഷക യൂണിയനുകളുടെ ഭാഗമല്ലാത്തവർ പോലും റാലിക്ക് എത്തിയെന്നാണ് റിപ്പോർട്ട്. ചിലർ ചെങ്കോട്ട ലക്ഷ്യമിട്ട് തന്നെയാണ് എത്തിയത്. പാർലമെൻറിലേക്ക് നീങ്ങുമെന്ന് വരെ ചിലർ പ്രതികരിച്ചു.
സുരക്ഷാമേഖലയിൽ റിപ്പബ്ലിക് ദിനാഘോഷദിവസം മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന വിമർശനവും ശക്തമാണ്. സംഘർഷമുണ്ടാക്കിയ ആളുകളുമായി ബന്ധമില്ലെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കിസാൻ മോർച്ചയുടെ ഭാഗമായ ഭാരതീയ കിസാൻ യൂണിയൻ ടിക്കായത്ത്, ഉഗ്രഹാൻ വിഭാഗങ്ങളിലെ ചിലരും സംഘർഷത്തിന്റെ ഭാഗമായിട്ടുണ്ട്.
ചെങ്കോട്ട വളപ്പിലും മുന്നിലെ റോഡിലുമൊക്കെ ട്രാക്ടർ റാലി രാത്രി വൈകിയും അരങ്ങേറി. കർഷകരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിക്കാതിരുന്നത് രക്തച്ചൊരിച്ചിൽ ഒഴിവാക്കി. പിന്നീട് ഒരുവിഭാഗം കർഷകർ പിൻവാങ്ങി. രാത്രി വൈകിയും ട്രാക്ടറുകളിൽ ആളുകൾ ചെങ്കോട്ടയിലെത്തി. തുടക്കത്തിൽ സംഘർഷമുണ്ടായ
സിംഘുവിലും തിക്രിയിലും പിന്നീട് കർഷകർ സമാധാനപരമായി ട്രാക്ടർ റാലി നടത്തി. കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിലും റാലി മുടങ്ങിയില്ല.
സുപ്രീംകോടതി സമിതിയുമായുള്ള
കർഷകരുടെ യോഗം നാളെ
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയും കർഷക സംഘടനകളും തമ്മിലുള്ള യോഗം നാളെ ഡൽഹിയിൽ നടക്കും. ഇന്നലെ യോഗം നിശ്ചയിച്ചിരുന്നെങ്കിലും ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട അക്രമങ്ങളെ തുടർന്ന് ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. 21ന് എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക അസോസിയേഷനുകളുമായി സമിതി ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
''ഞങ്ങളെ നേരിൽ വന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം. മറ്റുള്ളവർക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ചേരാം'' സമിതി വ്യക്തമാക്കി. ഡൽഹിയിലേക്ക് വരാൻ സാധിക്കാത്ത എല്ലാ സംഘടനകൾക്കും അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ ഒരു വെബ്പോർട്ടലും ഒരുക്കിയിട്ടുണ്ട്.