getty
f

പാർലമെന്റ് ഉപരോധം മാറ്റി, സമരം തുടരും

സംഘർഷം മുതലെടുക്കാൻ കേന്ദ്രം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡ് ട്രാക്‌ടർ റാലിക്കിടെ രാജ്യതലസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ വഴിതിരിഞ്ഞ് കർഷക പ്രക്ഷോഭം. രണ്ടുമാസമായി വൻ ജനപിന്തുണയോടെ സമാധാനപരമായി തുടർന്ന പ്രക്ഷോഭമാണ് ചൊവ്വാഴ്ച അപ്രതീക്ഷിത ഭാവപ്പകർച്ച കൈവരിച്ചത്. ബഡ്ജറ്റ് ദിനത്തിൽ പാർലമെന്റിലേക്ക് പ്രഖ്യാപിച്ചിരുന്ന കർഷക റാലി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിയതോടെ പ്രക്ഷോഭത്തിന്റെ തുടർരൂപം അനിശ്ചിതത്വത്തിലായി. എന്നാൽ, സമരം പിൻവലിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

പ്രക്ഷോഭകർ ചെങ്കോട്ടയിൽ ഇരച്ചുകയറി സിഖ് മത പതാക ഉയ‌ർത്താനിടയായതിലെ സുരക്ഷാ വീഴ്ച കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തി. ഇന്റലിജൻസ് വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതേസമയം, സമരത്തിന്റെ സമ്മർദ്ദത്തിലായിരുന്ന കേന്ദ്രത്തിന് ദേശവിരുദ്ധ ഖലിസ്ഥാൻവാദമെന്ന വാദം ശക്തമായി ഉയർത്താനുള്ള പിടിവള്ളിയായും അക്രമങ്ങൾ മാറി.

അക്രമങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ കിസാൻ യൂണിയൻ (ഭാനു), രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ എന്നീ സംഘടകൾ സമരത്തിൽ നിന്ന് പിന്മാറി. ഭാനു വിഭാഗം സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമല്ല. കിസാൻ മോർച്ചാ നേതൃത്വം റാലിക്കു നിശ്ചയിച്ച സമയവും റൂട്ടുകളും ലംഘിച്ച് ആയിരക്കണക്കിന് ട്രാക്ടറുകൾ സുപ്രധാന മേഖലകളിലേക്കു കടന്നത് ഡൽഹിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്.

റിപ്പബ്ലിക് ദിനചടങ്ങുകൾക്കു ശേഷമാണ് റാലി നിശ്ചയിച്ചിരുന്നതെങ്കിലും സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ ഒരുവിഭാഗം രാവിലെ തന്നെ റാലി തുടങ്ങി. ബാരിക്കേഡുകൾ തകർത്തു നീങ്ങിയ ട്രാക്ടറുകൾ സെൻട്രൽ ഡൽഹിയിലേക്കും ചെങ്കോട്ടയിലേക്കും ഇരച്ചെത്തുകയായിരുന്നു. പലേടത്തും കർഷകരും പൊലീസും ഏറ്റുമുട്ടി.

കുതിരപ്പുറത്ത് വാളുകളുമായെത്തിയ സിഖ് യോദ്ധാക്കളായ നിഹാംഗുകൾ ഉൾപ്പെടെ ബാരിക്കേഡുകൾ തകർത്ത് ചെങ്കോട്ടയിലേക്ക് പാഞ്ഞുകയറി, കൊടിമരത്തിൽ സിഖ് പതാക കെട്ടി. ബാരിക്കേഡിലേക്ക് ഇടിച്ചുകയറ്റിയ ട്രാക്ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചു. സംഘർഷത്തിൽ നാനൂറോളം പൊലീസുകാ‌ർക്ക് പരിക്കേറ്റു.

ഗൂഢാലോചന:

കർഷകർ

സമരത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് അക്രമങ്ങൾക്കു പിന്നിലെന്ന് നേതാക്കളായ ബൽബീർ സിംഗ് രജേവാൾ, ജഗജീത് സിംഗ് ദല്ലേവാൾ, ഡോ.ദർശൻപാൽ എന്നിവർ പറഞ്ഞു. കിസാൻ മസ്ദൂർ സംഘർഷ് സമിതിയുമായും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ ശക്തികളുമായും ചേർന്ന് സമരത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഹരിയാനയിൽ ഐ.എൻ.എൽ.ഡിയുടെ എക എം.എൽ.എ അഭയ് സിംഗ് ചൗട്ടാല രാജിവച്ചു.

19 കർഷകർ

അറസ്റ്റിൽ

അക്രമങ്ങളുമായി ബന്ധപ്പെട്ട് 25 കേസുകൾ രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് 19 പേരെ അറസ്റ്റ് ചെയ്തു. കർഷക നേതാക്കളായ ദർശൻപാൽ, രജീന്ദർസിംഗ്, ബൽബീർ സിംഗ് രജേവാൾ, ബൂട്ടാ സിംഗ് ബുർജിൽ, ജോഗീന്ദർ സിംഗ് ഉഗ്രഹൻ, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് എന്നിവർക്കെതിരെ കേസെടുത്തു.അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന്, ഡൽഹിയിൽ അധിക കേന്ദ്രസേനയെ വിന്യസിക്കാൻ നിർദ്ദശം നൽകി. പഞ്ചാബിലും ഹരിയാനയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാന മേഖലയിലെ വിവിധയിടങ്ങളിൽ ഇന്റർനെറ്റ് സേവനം വിലക്കി.