ന്യൂഡൽഹി: വസ്ത്രം മാറ്റി ശരീരത്തിൽ തൊടാതെ ഒരു കുട്ടിയെ മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗിക പീഡനമാകില്ലെന്ന പരാമർശം അടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തിൽ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ പരാമർശവും ഇതോടെ റദ്ദായി. പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ രണ്ടാഴ്ചക്കുള്ളിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
അഡ്വക്കറ്റ് ജനറൽ കെ.കെ. വേണുഗോപാലാണ് നാഗ്പൂർ ബെഞ്ചിന്റെ വിധി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പിൽ അവതരിപ്പിച്ചത്. വിധി സ്‌റ്റേ ചെയ്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഉചിതമായ അപേക്ഷ സമർപ്പിക്കാൻ വേണുഗോപാലിന് നിർദേശം നൽകി.
വസ്ത്രം അഴിപ്പിച്ചോ വസ്ത്രത്തിനടിയിലൂടെയോ ചർമത്തിൽ സ്പർശിക്കാത്ത പക്ഷം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധിച്ചത്. 2016ൽ പ്രതി പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് വീടിനകത്ത് കൊണ്ടുപോയി പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചെന്ന കേസിൽ കീഴ്‌കോടതി ശിക്ഷിച്ച പ്രതിയുടെ അപ്പീലിലാണ് വിവാദ നിരീക്ഷണം. പ്രതി പെൺകുട്ടിയുടെ വസ്ത്രമൂരി സ്വകാര്യ അവയവത്തിൽ നേരിട്ട് സ്പർശിച്ചെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കാത്തതിനാൽ സ്ത്രീയെ അപമാനിച്ചെന്ന വകുപ്പ് മാത്രമേ ചുമത്താനാകൂവെന്ന് പറഞ്ഞ കോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. പോക്‌സോ നിയമം ചുമത്തുമ്പോൾ വ്യക്തവും കൃത്യവുമായ തെളിവു വേണമെന്നും കോടതി പറഞ്ഞു.