ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ 'താണ്ഡവ്' വെബ് പരമ്പരയുടെ അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും മുൻകൂർ ജാമ്യം നല്കണമെന്ന ആവശ്യം നിഷേധിച്ച് സുപ്രീംകോടതി.
മതവികാരം വ്രണപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നറിയിച്ച ജസ്റ്റിസ് എം.ആർ. ഷാ ഉൾപ്പെട്ട ബെഞ്ച് ആവശ്യമെങ്കിൽ അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ ബന്ധപ്പെടുവെന്നും അറിയിച്ചു. സംവിധായകൻ അലി അബ്ബാസ് സഫർ, നിർമാതാവ് ഹിമാൻഷു മെഹ്‌റ, രചന നിർവഹിച്ച ഗൗരവ് സോളങ്കി, അഭിനേതാവ് മുഹമ്മദ് സീഷൻ അയ്യൂബ് തുടങ്ങിയവർ വെവ്വേറെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ നിർദേശം.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി ആറ് സംസ്ഥാനങ്ങളിൽ കേസ് നിലനിൽക്കുന്നുണ്ട്. രാജ്യത്തെ ഓരോ പൊലീസ് സ്റ്റേഷനും കയറി ഇറങ്ങേണ്ട ഗതികേടിലാണ് താണ്ഡവിന്റെ അണിയറപ്രവർത്തകരെന്ന് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ‌്ത്തഗി വാദിച്ചെങ്കിലും ഇടപെടാനാകില്ലെന്നാണ് കോടതി അറിയിച്ചത്.