അച്ഛനും അമ്മയും മികച്ച വിദ്യാഭ്യാസം നേടിയവർ, ഇരുവരും അദ്ധ്യാപകർ, എന്നിട്ടും പുനർജനിക്കുമെന്ന് വിശ്വസിച്ച് രണ്ട് യുവതികളായ പെൺമക്കളെ കുരുതി കൊടുത്ത അജ്ഞതയോർത്ത് നടുങ്ങി നിൽക്കുകയാണ് രാജ്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിൽ നിൽക്കുന്ന കുടുംബത്തിലാണ് ഈ ക്രൂരകൊലപാതകം നടന്നത്. പുരുഷോത്തം നായിഡു പത്മജ ദമ്പതിമാരാണ് തങ്ങളുടെ 27 ഉം 22 വയസുള്ള പെൺമക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്.
കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുകയാണെന്നും അടുത്ത സൂര്യനുദിക്കുന്നതോടെ മക്കൾക്ക് വീണ്ടും ജീവൻ ലഭിക്കുമെന്നുമാണ് ദമ്പതിമാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് വീട്ടിലെത്തിയപ്പോൾ തങ്ങൾക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കൾ പുനർജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും അഭ്യർത്ഥിച്ചു.
ഏതോ മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ഇവർ ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ട്.
പുരുഷോത്തം നായിഡു സർക്കാർ വനിതാ കോളേജിലെ വൈസ് പ്രിൻസിപ്പലാണ്. പത്മജ സ്കൂൾ പ്രിൻസിപ്പലും ഗണിത ശാസ്ത്രത്തിൽ സ്വർണമെഡൽ നേടിയ വ്യക്തിയുമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആസ്ട്രൽ പ്രൊജക്ഷൻ അഥവാ ആത്മാവിനെ ശരീരത്തിൽ നിന്നു വേർപെടുത്തൽ പോലുള്ള മാനസികാവസ്ഥയിൽ മുന്നോട്ടു പോകുന്നവർക്കു സംഭവിക്കാവുന്ന ദുരന്തങ്ങൾ പലതിനും നമ്മൾ ഇതിനോടകം സാക്ഷിയായി. തിരുവനന്തപുരം നന്തൻകോട് മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ നാലംഗങ്ങളെ കേഡൽ ജിൻസൺ രാജ വകവരുത്തിയത് ആസ്ട്രൽ പ്രൊജക്ഷനിലുള്ള കടുത്ത വിശ്വാസത്തിലായിരുന്നു.
2018ൽ വടക്കൻ ഡൽഹിയിലെ ബുരാരിയിൽ 11 അംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയതുമടക്കം ഒരേ സംഭവത്തിൽ മരണസംഖ്യ അധികമാകുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള 'ആഭിചാര' മരണങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക്
അനാചാരങ്ങളും ആഭിചാര പ്രക്രിയകളും ഇന്ത്യൻ സമൂഹത്തെ ഇരുളിലേക്ക് നയിക്കുന്ന ഒരു യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. കന്യകയായ പെൺകുട്ടിയുടെ കരൾ ഉപയോഗിച്ച് പൂജ ചെയ്താൽ കുട്ടികളുണ്ടാകുമെന്ന പേരിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ ആറുവയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തിയത് കഴിഞ്ഞവർഷം നവംബറിലാണ്. ഇഷ്ടപ്പെട്ട സ്ത്രീയെ തന്നിലേക്ക് ആകർഷിക്കാൻ വെള്ളിമൂങ്ങയെ കൊന്ന് ആഭിചാരം നടത്തിയ ഇരുപത്തിയാറുകാരനെ 2019ലാണ് മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ധനലബ്ധിക്കായി നക്ഷത്ര ആമകളെയും ഉടുമ്പിനെയുമൊക്കെ കറിവച്ച് കഴിക്കുക, ആൺകുഞ്ഞിനായി കുരുതി നടത്തുക തുടങ്ങി പ്രാകൃതവും കേട്ടുകേൾവിയുമില്ലാത്ത ആഭിചാര പ്രവർത്തനങ്ങൾക്കാണ് രാജ്യം നാൾക്കുനാൾ സാക്ഷിയാകുന്നത്.
ആൺകുഞ്ഞാണോ വയറ്റിലെന്ന് അറിയാൻ ജ്യോതിഷിയുടെ നിർദേശ പ്രകാരം ഗർഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ച ക്രൂരനെ കഴിഞ്ഞ വർഷം രാജ്യം കണ്ടു. സന്താനലബ്ധി, വിദ്യാഭ്യാസം, സമ്പത്ത്, കീർത്തി തുടങ്ങി പലതും ആർജിക്കാൻ ആൾദൈവങ്ങൾക്കും ആഭിചാരന്മാർക്കും മുന്നിൽപ്പെട്ട് പീഡനങ്ങൾ ഏറ്റുവാങ്ങിയ സ്ത്രീകൾ ആയിരങ്ങളാണ് രാജ്യത്ത്. ഇന്നും അവർ അത്തരം പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. വിദ്യാസമ്പന്നരും കേസുകളിൽ പ്രതിയാകുന്നു എന്നത് അക്കാഡമിക് വിദ്യാഭ്യാസത്തിനും വകതിരിവിനും തമ്മിൽ ഒരു ബന്ധവുമില്ലെന്നതിന് തെളിവാണ്. വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ആർജിച്ച വർത്തമാനകാലത്തിൽ ജനങ്ങളെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റാൻ കഴിഞ്ഞില്ല എന്നത് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണ്.
വിശ്വാസത്തിന്റെ മറപറ്റി
അന്ധവിശ്വാസങ്ങൾ
നവോത്ഥാന കാലഘട്ടത്തിൽ സമൂഹം തള്ളിക്കളഞ്ഞ പലതും വിശ്വാസത്തിന്റെ മറപറ്റി ഇന്ത്യൻ സമൂഹത്തിൽ വേരുപിടിക്കുന്നത് പകൽ പോലെ വ്യക്തമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം, പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ആദ്യമായ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തപ്പോൾ നടത്തിയ പ്രസംഗം ഇന്നും പ്രസക്തിയോടെ നിലനില്ക്കുന്നു.''ലോകത്തിൽ മറ്റേതൊരു സമൂഹത്തേക്കാളും യാഥാസ്ഥിതികമായ ഇന്ത്യൻ സമൂഹത്തിൽ ശാസ്ത്രബോധം വളർത്തുകയാണ് നിങ്ങളുടെ അടിയന്തര കടമ'' എന്നാണ് ശാസ്ത്രജ്ഞരെ നെഹ്റു ആഹ്വാനം ചെയ്തത്. എന്നാൽ, സാധാരണ ജനങ്ങളേക്കാൾ ദുർബലരും മൂഢവിശ്വാസികളുമായി ചില ശാസ്ത്രജ്ഞർ പോലും തരം താഴുന്നു എന്നത് കാണാൻ നെഹ്റു ജീവിച്ചിരിപ്പില്ലാത്തത് നന്നായി.
വെളിച്ചം ദുഃഖമല്ലുണ്ണീ!
ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടേയും സാമൂഹ്യപരിഷ്കർത്താക്കളുടെയും നൂറ്റാണ്ടുകൾ നീണ്ട പരിശ്രമഫലമായി രാജ്യത്തും കേരളസമൂഹത്തിലും തള്ളിക്കളഞ്ഞ, അന്ധമായ ആചാരാനുഷ്ഠാനങ്ങളും ആഭിചാരക്രിയകളും വായും പിളർന്ന് തിരിച്ചുവരികയാണെന്നത് അത്യന്തം ആശങ്കാജനകമാണ്.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ അവയിൽ ഏറെ പ്രസക്തമായിരുന്നു. 'ചാത്തൻബാധ' ഒഴിപ്പിക്കാൻ സഹായം തേടിച്ചെന്ന ഒരാളോട് ഗുരു പറഞ്ഞത് ''ഇനി ഇങ്ങനെയൊന്നും ചെയ്യരുതെന്ന് ചാത്തന് ഒരു കത്തെഴുതി തന്നാലോ'' എന്നാണ്.
എന്നാൽ, ഇന്ന് ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ എല്ലാ പ്രാകൃതാചാരങ്ങളും പുതിയ രൂപത്തിൽ തിരിച്ചു വരികയാണ്. ഒരു മതേതര രാഷ്ട്രത്തിന്റെ അഭിമാനബോധം ഉൾക്കൊണ്ടുകൊണ്ട് ഒരുതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിലും താൻ പങ്കെടുക്കില്ലെന്ന് തുറന്നുപറഞ്ഞ ജവഹർലാൽ നെഹ്റുവിന്റെ ആദർശനിഷ്ഠ തുടർന്നുവന്ന ഭരണാധികാരികൾ നഷ്ടപ്പെടുത്തി. കപടസന്യാസികളുടെ മുന്നിൽ സാഷ്ടാംഗപ്രണാമം ചെയ്യാനും അവർക്ക് ഒത്താശചെയ്യാനും നെഹ്റുവിന് പിന്നാലെ വന്നവർ തയാറായി. പൊതുജനത്തെ പിന്നെ പഴിച്ചിട്ട് എന്തുകഥ.
ഇന്ന് മനുഷ്യന്റെ വൈകാരികതയും വിശ്വാസ പ്രമാണങ്ങളും നല്ല കച്ചവടമൂല്യമുള്ള ചരക്കുകളാണ്. പ്രക്ഷേപണ സ്വാതന്ത്ര്യത്തിന്റെ പേരിൽ എത്ര ബാലിശമായ കാര്യവും ആർക്കും പ്രചരിപ്പിക്കാമെന്ന അവസ്ഥ ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. ധനമൂലധന ആധിപത്യമുള്ള സമൂഹത്തിൽ നിന്ന് നിശ്ചയമായും പ്രതീക്ഷിക്കേണ്ടത് ഇതൊക്കെത്തന്നെയാണ്. ആഭിചാരം ചെയ്താൽ ധനം വരുമെന്നും പ്രശ്നങ്ങൾ മാറുമെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച്, ജീവിതത്തിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ ആട്ടിപ്പായിക്കുക, അവർക്കു നിങ്ങളുടെ അന്ധവിശ്വാസത്തെ, ജീവിതത്തെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ. മന്ത്രവാദികളും ആൾദൈവങ്ങളും സാമ്പത്തിക ചൂഷണത്തിനുള്ള മറയാണെന്ന് ജനങ്ങൾ മനസിലാക്കണം. വെളിച്ചത്തിലേക്കുള്ള വഴിതന്നെയാണ് ദൈവ വിശ്വാസമെന്നത് വിശ്വസിക്കുക. എന്നാൽ ഇരുട്ടിലേക്ക് നയിക്കുന്നതൊന്നും ദൈവീകമല്ലെന്നു ഇനിയെങ്കിലും തിരിച്ചറിയുക.