നിയന്ത്രണമില്ലാതെ കേരളത്തിലെ 4 ജില്ലകൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വിജയകരമായി തടയാനായതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. രോഗവ്യാപനമുണ്ടായിരുന്ന 718 ജില്ലകളിൽ 146ലും ഒരാഴ്ചയായി പുതിയ കേസുകളില്ല. 18 ജില്ലകളിൽ രണ്ടാഴ്ചയായും ആറു ജില്ലകളിൽ കഴിഞ്ഞ 21 ദിവസമായും 21 ജില്ലകളിൽ 28 ദിവസമായും പുതിയ രോഗികളില്ല. രാജ്യത്ത് ആകെ ചികിത്സയിലുള്ളത് 1.73 ലക്ഷം പേരാണ്. ഇത് ആകെ രോഗബാധിതരുടെ 1.62 ശതമാനമാണ്. രാജ്യത്തെ കൊവിഡ് കർവ് ഫ്ലാറ്റൻ ചെയ്തതായും മന്ത്രിതല യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം മുംബയ്, തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നിവ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ അഞ്ച് ജില്ലകളായി തുടരുകയാണ്. ചികിത്സയിലുള്ള കൊവിഡ് രോഗികളിൽ 70 ശതമാനത്തോളവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. വരുന്ന മാസങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് കൊവിഡ് രോഗികളുടെ എണ്ണം 40,000ത്തിന് മുകളിലുള്ളതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11666 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക് 1.81 ശതമാനവും ദശലക്ഷത്തിലെ മരണനിരക്ക് 1.07 ശതമാനവുമാണ്. സെപ്തംബർ മദ്ധ്യത്തിൽ ഒരു ലക്ഷത്തോളം പുതിയ രോഗികളുണ്ടായ രാജ്യത്ത് ഇപ്പോൾ 12000ത്തിൽ താഴെയാണത്. ആയിരത്തിലേറെ മരണം ഉണ്ടായിടത്ത് നിലവിലത് 125ൽ താഴെയാണ്.
അരലക്ഷത്തിന് മുകളിൽ കേരളത്തിൽ മാത്രം
കേരളത്തിൽ 41.74 ശതമാനമാണ് ആക്ടീവ് കേസുകൾ. മഹാരാഷ്ട്രയിൽ 25.69 ശതമാനം. അരലക്ഷത്തിന് മുകളിൽ ആക്ടീവ് കേസുകൾ കേരളത്തിൽ മാത്രമാണ്. 70000ത്തിലേറെ പേരാണ് കേരളത്തിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 44000ത്തോളം പേരും. പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്. മരണം കൂടുതൽ മഹാരാഷ്ട്രയിൽ.
വാക്സിനെടുത്തവർ 25 ലക്ഷം
രാജ്യത്ത് വാക്‌സിനെടുത്തവർ 25 ലക്ഷം പിന്നിട്ടു. ആറ് ദിവസം കൊണ്ടാണ് ആദ്യത്തെ പത്തുലക്ഷം പേർക്ക് വാക്‌സിൻ നൽകിയത്.യു.കെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് 153 പേരിലാണ് സ്ഥിരീകരിച്ചത്. വകഭേദം വന്ന കൊവിഡിനെതിരെ കൊവാക്‌സിൻ ഫലപ്രദമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.