posco

ന്യൂഡൽഹി: വസ്ത്രം ധരിച്ചിരിക്കെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് പാന്റിന്റെ സിബ് അഴിക്കുന്നത് ലൈംഗിക അതിക്രമം അല്ലെന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി. നേരത്തെ വിവാദ ഉത്തരവ് പുറപ്പെടുവിച്ച് പ്രതിക്കൂട്ടിലായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നാഗ്പൂർ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.

ലിബ്‌നസ് കുജുർ (50) അഞ്ച് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ജോലിക്ക് പോയ താൻ വീട്ടിലെത്തിയപ്പോൾ കുഞ്ഞിന്റെ കൈയിൽ പിടിച്ച് പാന്റിന്റെ സിബ് അഴിച്ച നിലയിൽ നിൽക്കുന്ന ലിബ്‌നസിനെയാണ് കണ്ടെതെന്നാണ് മൊഴി. പ്രതി കുട്ടിയെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചെന്നും കൂടെക്കിടക്കാൻ നിർബന്ധിച്ചെന്നും കുട്ടിയും മൊഴി നൽകിയിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് വിലയിരുത്തി പോക്‌സോ കോടതി അഞ്ച് വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോ വകുപ്പുകൾ റദ്ദാക്കിയ കോടതി ഐ.പി.സി 354–ാം വകുപ്പ് (സ്ത്രീയുടെ അന്തസ് ഹനിക്കൽ) പ്രകാരമുള്ള ശിക്ഷയാണ് വിധിച്ചത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്ന് വ്യക്തമാണെങ്കിലും ലൈംഗികാതിക്രമം നടന്നതായി തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു. ഇതിനോടകം അഞ്ചു മാസം പ്രതി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ വിട്ടയയ്ക്കാവുന്നതായും കോടതി വിധിച്ചു.