മെയിൻ
ന്യൂഡൽഹി: പ്രക്ഷോഭകരായ കർഷകരെ റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാരും, എന്തും നേരിടാൻ കർഷകരും നിലപാടെടുത്തതോടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘർഷാന്തരീക്ഷത്തിന്റെ പിരിമുറുക്കം.
പ്രധാന സമരകേന്ദ്രങ്ങളായ ഗാസിപ്പൂരിലും സിംഘുവിലും ഉൾപ്പെടെ അർദ്ധസൈനികരേയും പൊലീസിനേയും വൻതോതിൽ വിന്യസിച്ചെങ്കിലും അർദ്ധ രാത്രിയോടെ പിൻവലിച്ചു. ഇതേത്തുടർന്ന് സമരക്കാർ ദേശീയ പതാകയുമായി ആഹ്ലാദപ്രകടനം നടത്തി. എന്നാൽ എപ്പോൾ വേണമെങ്കിലും ബലപ്രയോഗം നടന്നേക്കാമെന്നതിനാൽ തലസ്ഥാനം മുൾമുനയിലാണ്.
ഡൽഹി- യു.പി അതിർത്തിയായ ഗാസിപ്പൂരിലെ സമരഭൂമിയിൽ നിന്ന് ഇന്നലെ അർദ്ധരാത്രിയോടെ ഒഴിഞ്ഞുപോകണമെന്ന് ജില്ലാഭരണകൂടം അന്ത്യശാസനം നൽകിയിരുന്നു. ഇവിടെ 144 പ്രഖ്യാപിച്ച് അതിർത്തിയും അടച്ചു.
ഡൽഹി- മീററ്റ് ദേശീയപാതയുടെ ഇരുഭാഗവും ഗാസിപ്പൂരിലേക്കുള്ള മറ്റു റോഡുകളും അടച്ചിരിക്കുകയാണ്.സമരഭൂമിയിൽ ബുധനാഴ്ച രാത്രി തന്നെ വൈദ്യുതിബന്ധവും ജലവിതരണവും വിച്ഛേദിച്ചിരുന്നു. ട്രാക്ടറുകളുടെ ലൈറ്റ് ഓൺ ചെയ്തും തണുപ്പകറ്റാൻ തീകൂട്ടിയും കർഷകർ രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടി. യു. പി പൊലീസിന്റെയും ദ്രുതകർമ്മ സേനയുടെയും വൻ സന്നാഹങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ബലമായി ഒഴിപ്പിക്കുന്നതിനെതിരെ കിസാൻസഭ പ്രസിഡന്റ് അശോക് ദാവ്ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ജോ. സെക്രട്ടറിമാരായ വിജൂ കൃഷ്ണൻ, കെ. കെ രാഗേഷ് എം.പി, ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് എന്നിവർ ഗാസിപ്പൂരിലെ സമരകേന്ദ്രത്തിലെത്തി. എല്ലാ സമരകേന്ദ്രങ്ങളും ഒഴിപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ ജില്ലാ ഭരണകൂടങ്ങളോട് നിർദ്ദേശിച്ചിരുന്നു. പിന്നാലെ ബുധനാഴ്ച രാത്രി ബാഗ്പതിലെ ദേശീയ പാതയിലെ സമരകേന്ദ്രം ബലംപ്രയോഗിച്ച് പൊലീസ് ഒഴിപ്പിച്ചതായി കർഷകർ ആരോപിച്ചു.
ഹരിയാന അതിർത്തിയിലെ സിംഘുവിൽ കർഷകർ ഒഴിയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും ഹിന്ദുസേനാ പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. റോഡുകളിൽ പൊലീസ് കിടങ്ങുകൾ തീർത്തു. പൽവലിൽ നിന്ന് ഇന്നലെ പുലർച്ചെ കർഷകരെ പൊലീസ് ബലമായി നീക്കി.
ഒരു സംഘടന കൂടി പിന്മാറി
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഭാരതീയ കിസാൻ യൂണിയൻ (ലോക് ശക്തി) നൊയ്ഡയിലെ സമരം അവസാനിപ്പിച്ചു. രണ്ട് സംഘടനകൾ നേരത്തേ പിന്മാറിയിരുന്നു.
ഒഴിയില്ലെന്ന് ടിക്കായത്ത്
സമരകേന്ദ്രം ഒഴിയില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. ട്രാക്ടർ റാലിയിലെ അക്രമങ്ങൾക്ക് ടിക്കായത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കീഴടങ്ങാമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ പൊലീസ് ഗാസിപ്പൂരിലെ സമരകേന്ദ്രത്തിൽ എത്തിയെങ്കിലും ടിക്കായത്ത് കീഴടങ്ങാൻ വിസമ്മതിച്ചു. താൻ മാറിയാൽ ബി.ജെ.പി എം.എൽ.എയും പ്രവർത്തകരും കർഷകരെ ആക്രമിക്കും. തന്നെ കൊല്ലാൻ ഗൂഢാലോചനയുണ്ട്. അടിച്ചമർത്തിയാൽ വെടിയുണ്ടയേൽക്കാനും തയാറാണ്.
ബി.ജെ.പിയുടെ ഭീഷണിക്കു വഴങ്ങി സമരം അവസാനിപ്പിക്കില്ല. അറസ്റ്റുചെയ്താലും ജയിലിലടച്ചാലും സമരം തുടരും. ഞാനടക്കം ജയിലിൽ പോകാൻ ഒരുക്കമാണ്.
-- കെ.കെ. രാഗേഷ് എം.പി
ഡൽഹി അക്രമത്തിൽ യു.എ.പി.എ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ഡൽഹി പൊലീസ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. സംഘർഷത്തിൽ രാജ്യത്തിനു പുറത്തുള്ള സംഘടനകളുടെയും വ്യക്തികളുടെയും പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കിസാൻ പരേഡിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ പൊതുമുതൽ നശിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. പ്രതിഷേധക്കാർ ചരിത്രസ്മാരകത്തിന്റെ പരിശുദ്ധി നശിപ്പിച്ചു. പൊലീസും കർഷകനേതാക്കളും തമ്മിലുള്ള ധാരണ തകർക്കാൻ ആസൂത്രിതശ്രമം നടന്നുവെന്നും പൊലീസ് പറഞ്ഞു.