ന്യൂഡൽഹി: കൊവിഡിനെതിരെ കൂടുതൽ ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾ ഉടൻ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൂല പ്രചരണങ്ങളെ അസ്ഥാനത്താക്കി കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ എല്ലാ പ്രതിബന്ധങ്ങളേയും തോല്പിച്ചുവെന്നും വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവെ പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയാകും കൊറോണയിൽ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന രാജ്യമെന്ന് കഴിഞ്ഞ വർഷം വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് മില്യൺ ആളുകൾ മരിക്കുമെന്നും അവർ പ്രവചിച്ചു. എന്നാൽ പൊതു ജന പങ്കാളിത്തത്തോടെ ഇന്ത്യ മുന്നേറി. കൊവിഡിൽ നിന്നും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുന്ന രാജ്യമായി ഇന്ത്യ. ലോക ജനസഖ്യയുടെ 18 ശതമാനവും ഉള്ള ഒരു രാജ്യത്തിന് ലോകത്തെ തന്നെ കീഴടക്കിയ വൈറസിനെ മുട്ടുകുത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന് ഇന്ത്യയാണ് തുടക്കം കുറിച്ചത്. വെറും 12 ദിവസത്തിനുള്ളിൽ 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകി. ഇപ്പോൾ അയൽ രാജ്യങ്ങൾക്കും വാക്‌സിനെത്തിച്ചു. കൊവിഡിനിടയിലും ഇന്ത്യ സാമ്പത്തികമായി പിടിച്ച് നിന്നു. നിലവിൽ സാമ്പത്തിക രംഗത്തുണ്ടായ സ്ഥിതിഗതികൾ അതിവേഗം മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി പ്രകാരം ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി മോദി ആഗോള സി.ഇ.ഒമാരെ ക്ഷണിച്ചു.