ന്യൂഡൽഹി: ടൈംസ് നൗ അവതാരക നവിക കുമാറിനെതിരെ മാനനഷ്ടക്കേസുമായി റിപ്പബ്ലിക് ടിവി.
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിയുടെ വാട്‌സാപ്പ് ചാറ്റുകൾ പുറത്തുവന്നതുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പബ്ലിക്കിന്റെ മാതൃ കമ്പനിയായ എആർജി ഔട്ട്‌ലിയർ മീഡിയ പരാതി നൽകിയത്. ഫെബ്രുവരി രണ്ടിന് പാട്യാല കോടതി കേസിൽ വാദം കേൾക്കും. ഒരു ചാനൽ അവതാരകയ്ക്കെതിരെ മറ്റൊരു ചാനൽ അപകീർത്തികേസ് നൽകുന്ന അപൂർവത കൂടി ഈ കേസിലുണ്ട്.
അർണബിനെതിരായ ടി.ആർ.പി തട്ടിപ്പ് കേസിൽ മുംബയ് പൊലീസ് നൽകിയ കുറ്റപത്രത്തിലാണ് അർണബിന്റെ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളുള്ളത്. പുൽവാമ ആക്രമണം അടക്കമുള്ള സംഭവങ്ങളെക്കുറിച്ചുള്ള അർണബിന്റെ വിവാദ പരാമർശങ്ങൾ പുറത്താവുകയും വ്യാപക ചർച്ചയ്ക്കിടയാക്കുകയും ചെയ്തിരുന്നു.