വിളകൾക്ക് ന്യായവില ഉറപ്പാക്കും
ദേശീയ പതാകയെ അപമാനിച്ചത് ദൗർഭാഗ്യകരം
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിവാദ കാർഷിക നിയമങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിൽ ന്യായീകരിച്ചു.
പത്ത് കോടി ചെറുകിട കർഷകർക്ക് നേരിട്ട് ഗുണം ലഭിക്കുന്നതാണ് നിയമം. നിരവധി ചെറുകിട കർഷകരും കർഷക സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ നിയമം നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കോടതിയുടെ നിർദ്ദേശം സർക്കാർ സ്വീകരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ പവിത്രതയും സർക്കാർ മാനിക്കുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കുന്നു.
എന്നാൽ, കഴിഞ്ഞദിവസം ദേശീയ പതാകയെയും റിപ്പബ്ലിക് ദിനത്തെയും അപമാനിച്ചത് ദൗർഭാഗ്യകരമാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുമ്പോൾ, നിയമങ്ങൾ പാലിക്കാനുള്ള ആത്മാർത്ഥത പ്രതിഷേധക്കാരും കാണിക്കണം. നിലവിലുള്ള അവകാശങ്ങൾ പുതിയ നിയമങ്ങൾ ഇല്ലാതാക്കുന്നില്ല, മറിച്ച് കർഷകരെ കൂടുതൽ ശക്തരാക്കുകയാണ്. വിളകൾക്ക് ന്യായവില ഉറപ്പാക്കും.
ഒരുമയാണ് രാജ്യത്തിന്റെ ശക്തി. കൊവിഡും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണ് നേരിട്ടത്. രാജ്യാതിർത്തികളിലുണ്ടായ പ്രശ്നങ്ങൾ പോലും ധൈര്യത്തോടെയും സഹിഷ്ണുതയോടെയും നേരിട്ടു. കൊവിഡ് മുക്തരുടെ എണ്ണം കൂടി, രോഗികളുടെ എണ്ണം കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്ത് നടക്കുന്നത്. വിവിധ പദ്ധതികളിലൂടെ 80 കോടി ജനങ്ങൾക്ക് അധിക ധാന്യമെത്തിച്ച് ഒരാൾപോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലുറപ്പാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമ്മാണം, പൗരത്വ ഭേദഗതി നിയമം തുടങ്ങി ഈ സർക്കാർ മുന്നോട്ടുവച്ച എല്ലാ പദ്ധതികളും വിജയകരമായി മുന്നേറുകയാണ്. 2022ൽ എല്ലാവർക്കും സ്വന്തം ഭവനം ഉറപ്പാക്കും. കൊവിഡിൽ ജീവൻ നഷ്ടമായ ആറ് എം.പിമാരെയും രാഷ്ട്രപതി അനുസ്മരിച്ചു.
വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ച് രാഷ്ട്രപതി
'ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം...' ദേശ സ്നേഹമുണർത്തുന്ന, മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ വരികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ പാർലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉദ്ധരിച്ചത് കൈയടികളോടെയാണ് സഭാംഗങ്ങൾ ഏറ്റെടുത്തത്.
ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്ന ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയ രാഷ്ട്രപതി, രാഷ്ട്രത്തിന്റെ താത്പര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. 2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായി. അവരുടെ രക്തസാക്ഷിത്വത്തിൽ ഓരോ പൗരന്മാരും നന്ദിയുള്ളവരാണ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ യഥാർത്ഥ നിയന്ത്രണരേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലയിലെ തീവ്രവാദം അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അക്രമസംഭവങ്ങൾ കുറഞ്ഞുവരുന്നു. വഴിതെറ്റിപ്പോയ യുവാക്കൾ വികസനത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെയും മുഖ്യധാരയിലേക്ക് മടങ്ങുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം 20ഓളം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു.
കോൺഗ്രസ് ,എൻ.സി.പി, നാഷണൽ കോൺഫറൻസ്, ശിവസേന, സി.പി.എം, സി.പി.ഐ, ഡി.എം.കെ, എസ്.പി, തൃണമൂൽ, ആർ.എസ്.പി, മുസ്ലിംലീഗ്, കേരള കോൺഗ്രസ് മാണി, ആർ.ജെ.ഡി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, ആംആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബി.എസ്.പി തുടങ്ങിയ പാർട്ടികളാണ് വിട്ടുനിന്നത്.
രാഷ്ട്രപതി രാഷ്ട്രീയത്തിന് അതീതമാണെന്നും പ്രതിപക്ഷ നടപടി ദൗർഭാഗ്യകരമാണെന്നും കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, ഗിരിരാജ് സിംഗ് തുടങ്ങിയവർ പറഞ്ഞു. എന്നാൽ ബഹിഷ്കരണം രാഷ്ട്രപതിയോടുള്ള അനാദരവല്ലെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി പ്രതികരിച്ചു.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ഡി.എം.കെ, ഇടത് പാർട്ടികൾ എന്നിവർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ശിവസേന അംഗങ്ങൾ സീറ്റിലിരുന്നും മുദ്രാവാക്യം മുഴക്കി. കൊവിഡ് പ്രോട്ടോക്കാൾ കണക്കിലെടുത്ത് എം.പിമാരോട് സീറ്റിലേക്ക് മടങ്ങാൻ സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ പ്രതിഷേധം തുടർന്നു.
കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഏകപോംവഴി.
സർക്കാർ കർഷകരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയുമാണ്. പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നേക്കാം. അതിന് ഇടവരുത്തത്.
- രാഹുൽ ഗാന്ധി എം.പി,
കോൺഗ്രസ് നേതാവ്