kunal-kamra

ന്യൂഡൽഹി: സദസ്യർക്ക് ആസ്വദിക്കാൻ കഴിയുന്ന തമാശയേ താൻ പറഞ്ഞിട്ടുള്ളൂവെന്നും അതിന്റെ പേരിൽ കോടതിയോട് മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കി.

റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെക്കുറിച്ചുള്ള ട്വീറ്റിനെതിരായ കോടതിയലക്ഷ്യ നോട്ടീസിന് മറുപടിയായി നല്കുകയായിരുന്നു കമ്ര.

'പ്രബലരായ വ്യക്തികളും സ്ഥാപനങ്ങളും വിമർശനവും ആക്ഷേപവും സഹിഷ്ണുതയോടെ സ്വീകരിക്കാൻ കരുത്ത് കാണിച്ചില്ലെങ്കിൽ തടവിലായ കുറെ കലാകാരൻമാരുടെയും മടിയിൽ ലാളിച്ചുവളർത്തുന്ന നായ്ക്കളുടെയും നാടായി നാം ചുരുങ്ങും. മദ്ധ്യപ്രദേശ് കോടതി ജാമ്യം അനുവദിക്കാത്തതിനാൽ ആഴ്ചകളായി തടവിൽ കഴിയുന്ന കലാകാരൻ മുനവർ ഫാറൂഖി, രാജ്യത്ത് വളരുന്ന അസഹിഷ്ണുതയുടെ തെളിവാണെന്നും'' സത്യവാങ്മൂലത്തിൽ പറയുന്നു.

കോടതി രണ്ടാഴ്ചത്തേക്ക് വാദം കേൾക്കൽ നീട്ടി. അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്റെ അനുമതിയോടെ അഭിഭാഷകരടക്കം എട്ടു പേരാണ് പരാതിക്കാർ. അയോദ്ധ്യവിധിക്കും അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിനുമെതിരായ ഇല്ലസ്‌ട്രേഷനുകളിൽ കാർട്ടൂണിസ്റ്റ് രചിത തനേജയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യവും സുപ്രീംകോടതി ഇന്നലെ പരിഗണിച്ചിരുന്നു. വിമർശനങ്ങളിൽ വീര്യം ചോരുന്നതല്ല പരമോന്നതനീതി പീഠമെന്നും അതിനാൽ രജിതയെ കോടതി അലക്ഷ്യ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്നും മുതിർന്ന അഭിഭാഷകൻ മുഗൾ റോ‌ഹ‌്ത്തഗി ആവശ്യപ്പെട്ടു. കേസ് മൂന്ന് ആഴ്ചത്തേക്ക് മാറ്റി.