blast

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലെ അതീവ സുരക്ഷാമേഖലയിലുള്ള ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് സ്‌ഫോടനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഔദ്യോഗിക സമാപനമായ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് വിയജ്ചൗക്കിൽ പുരോഗമിക്കവെ വൈകിട്ട് 5.05നായിരുന്നു സംഭവം.

തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു.ഭരണസിരാകേന്ദ്രമായ വിജയ് ചൗക്കിൽ നിന്ന് 2 കി.മി ദൂരത്തിലാണ് എംബസി.

എ.പി.ജെ.അബ്ദുൾ കലാം റോഡിലെ എംബസിയിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയുള്ള ജിൻഡാൽ ഹൗസിന് മുന്നിലെ നടപ്പാതയിൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്ഫോടക വസ്തു. ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. ആശങ്ക സൃഷ്ടിക്കാൻ ആരോ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭീകരാക്രമണ സാദ്ധ്യത ഉൾപ്പെടെ എല്ലാവശങ്ങളും പരിശോധിക്കുന്നതായി ഡൽഹി പൊലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

റോഡ് പൂർണമായും അടച്ച് കൂടുതൽ സേനയെ നിയോഗിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സി.ആർ.പി.എഫിന്റെ 10 കമ്പനി ഉൾപ്പെടെ 15 കമ്പനി അ‌ർദ്ധസൈനികരെ ഡൽഹിയിൽ വിന്യസിച്ചിരുന്നു.

ഇന്ത്യ - ഇസ്രായേൽ നയതന്ത്ര ബന്ധത്തിന്റെ 29ാം വാർഷിക ദിനമായിരുന്നു ഇന്നലെ.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ഇസ്രായേൽ എംബസിക്ക് സമീപത്ത് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.
2013 ഫെബ്രുവരി 13ന് നടന്ന സ്‌ഫോടനത്തിൽ ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതികളെ പിടികൂടിയിട്ടില്ല.

സുരക്ഷ ശക്തമാക്കി

# ഡൽഹിയിൽ സുരക്ഷ ശക്തമാക്കി.

# വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിർദ്ദേശം

#ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോ‌ർട്ട് തേടി.

# എൻ.ഐ.എയും സംഭവ സ്ഥലത്ത് എത്തി.

സ്‌ഫോടനത്തെക്കുറിച്ച് ഇസ്രായേൽ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു.
കുറ്റവാളികളെ വെറുതെവിടില്ല.

-എസ്.ജയശങ്കർ

ഇന്ത്യൻ വിദേശകാര്യമന്ത്രി